കഴിഞ്ഞ മത്സരത്തിലേറ്റ തോൽവിയുടെ ക്ഷീണം തീർക്കാനിറങ്ങിയ റയൽ ഒന്ന് പതറിയെങ്കിലും അവസാനം നേടിയ ഗോളിൽ ജയം നേടിയെടുത്തു. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ്‌ തകർത്തുവിട്ടത്. സമനില മുന്നിൽ കണ്ടുനിൽക്കെ പകരക്കാരനായി വന്ന ഡാനിയൽ സെബയോസാണ് റയലിനെ രക്ഷിച്ചത്.

ഏറെ കാലത്തിനു ശേഷം റയൽ മാഡ്രിഡിന്റെ വലകാത്തത് നവാസായിരുന്നു എന്നതായിരുന്നു ഇന്നലത്തെ ആദ്യഇലവനിലെ പ്രധാനമാറ്റം. മത്സരത്തിന്റെ പതിമൂന്നാം മിനിറ്റിൽ സൂപ്പർ താരം ലൂക്ക മോഡ്രിച്ചാണ് ആദ്യഗോൾ നേടിയത്. ബോക്സിനു തൊട്ട് പുറത്ത് നിന്ന് കിട്ടിയ ബോൾ ഗോൾ പോസ്റ്റിലേക്ക് അടിച്ചു കയറ്റുകയായിരുന്നു താരം. ആദ്യപകുതിയിൽ ഈ ഒറ്റഗോളിന്റെ ലീഡിൽ റയൽ മാഡ്രിഡ്‌ കളംവിട്ടു. എന്നാൽ രണ്ടാം പകുതിയുടെ 67-ആം മിനിറ്റിൽ ബെറ്റിസ്‌ ഗോൾ നേടിയതോടെ റയൽ സമനില മുന്നിൽ കണ്ടു. ലിയോ സെൽസോയുടെ പാസ്സിൽ നിന്ന് സെർജിയോ കനാലസ് ആയിരുന്നു ഗോൾ വലകുലുക്കിയത്.

എന്നാൽ മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കിനിൽക്കെ പകരക്കാരനായി വന്ന ഡാനിയേൽ സെബയോസ് റയലിനെ ജയത്തിലേക് കൈപിടിച്ചുയർത്തുകയായിരുന്നു. 74-ആം മിനുട്ടിൽ പകരക്കാനായി വന്ന താരം 88-ആം മിനുട്ടിൽ ഒരു ഉഗ്രൻ ഫ്രീകിക്കിലൂടെയാണ് ഗോൾ നേടിയത്. കൂടെ ജയവും വിലപ്പെട്ട മൂന്ന് പോയിന്റും. നിലവിൽ 19 മത്സരങ്ങൾ പൂർത്തിയായപ്പോൾ 33 പോയിന്റോടെ നാലാം സ്ഥാനത്താണ് റയൽ. ഒന്നാമതുള്ള ബാഴ്സയോട് പത്ത് പോയിന്റിന്റെ വിത്യാസമുണ്ട് റയലിന്.Source link