ഇന്നലത്തെ എൽ-ക്ലാസിക്കോ പോരാട്ടത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയത് രണ്ട് ബ്രസീലിയൻ താരങ്ങളായിരുന്നു. ബാഴ്സ നിരയിൽ മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച മാൽക്കവും റയൽ നിരയിൽ കിടിലൻ പ്രകടനം കെട്ടഴിച്ച യുവതാരം വിനീഷ്യസ് ജൂനിയറുമാണ് ഇന്നലെ ഏറ്റവും കൂടുതൽ പ്രശംസാപാത്രങ്ങളായത്. ഇതിൽ മാൽകം നേടിയ ഗോളായിരുന്നു ബാഴ്സയെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. അതേ സമയം വിനീഷ്യസിന്റെ പല മുന്നേറ്റങ്ങളും ബാഴ്സ ഗോൾ മുഖത്ത് ഭീതി വിതച്ചു.

തികച്ചും അപ്രതീക്ഷിതമായിരുന്നു മാൽകത്തിന് ആദ്യഇലവനിൽ ലഭിച്ച സ്ഥാനം. എൽ-ക്ലാസിക്കോ പോലെയുള്ള ഒരു മത്സരത്തിൽ പരിചയം കുറവായ മാൽകത്തിന് തിളങ്ങാനാവുമോ എന്ന് ബാഴ്സയുടെ കടുത്ത ആരാധകർ പോലും സംശയിച്ചു. എന്നാൽ ബാഴ്സ കോച്ച് വാൽവെർദെ എന്ത് മനസ്സിൽ കണ്ടുവോ അത് മാൽക്കം കൃത്യമായി കളത്തിൽ നടപ്പിലാക്കുകയായിരുന്നു. നെൽസൺ സെമെടോയും മാൽക്കവും തമ്മിൽ കാണിച്ച ഒത്തിണക്കം പലപ്പോഴും കയ്യടി നേടി. മത്സരത്തിന്റെ അൻപത്തിയേഴാം മിനുട്ടിലായിരുന്നു താരത്തിന്റെ ഗോൾ പിറന്നത്. 76-ആം മിനിറ്റിൽ താരത്തെ കോച്ച് പിൻവലിക്കുകയും ചെയ്തിരുന്നു. ആ ഗോൾ വഴി സമനില നേടാനായതിൽ സന്തോഷമുണ്ടെന്നും ആത്മവിശ്വാസത്തോടെ സാന്റിയാഗോയിൽ വെച്ച് റയലിനെ നേരിടാൻ ഇത് ഉപകരിക്കുമെന്നും അദ്ദേഹം മത്സരശേഷം പറഞ്ഞു.

അതേ സമയം റയൽ നിരയിൽ കാണികളുടെ പ്രശംസ പിടിച്ചു പറ്റിയ താരമാണ് വിനീഷ്യസ്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ വിനീഷ്യസ് ചാട്ടുളി കണക്കെ കുതിക്കാൻ തുടങ്ങിയിരുന്നു. ഫലമായി അഞ്ചാം മിനിറ്റിൽ താരത്തിന്റെ മനോഹരമായ ക്രോസ്സ് സ്വീകരിച്ചായിരുന്നു ബെൻസീമ വാസ്‌കസിന് ഗോൾ നേടാൻ അവസരം ഒരുക്കിയത്. പലപ്പോഴും വിങ്ങിൽ നുഴഞ്ഞു കയറിയ താരം ഒന്ന് രണ്ട് തവണ ഗോളിന് തൊട്ടടുത്തെത്തി. എന്നാൽ ബോക്സിനകത്ത് വെച്ച് പാസ്സ് നൽകാൻ താരം മടിക്കുന്നു എന്ന തരത്തിലുള്ള ചെറിയ വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ടെങ്കിലും താരത്തിന്റെ സ്വാധീനം ഇന്നലത്തെ കളിയിൽ വ്യക്തമായിരുന്നു. താരത്തെ പിൻവലിച്ച് ബെയ്‌ലിനെ ഇറക്കിയതോടെ വിങ്ങിൽ നിന്നുള്ള ആക്രമണം നിലച്ചതായാണ് പിന്നീട് കാണാൻ കഴിഞ്ഞത്. എന്നിരുന്നാലും ഈ രണ്ട് ബ്രസീൽ താരങ്ങളുടെ പ്രകടനം ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. എന്നാൽ മറ്റു ബ്രസീൽ താരങ്ങളായ മാഴ്‌സെലോയും കൂട്ടീഞ്ഞോയും നിരാശപ്പെടുത്തി.

COPYRIGHT WARNNING !