ഈ വർഷം നടക്കുന്ന അണ്ടർ 20 വേൾഡ് കപ്പിന് യോഗ്യത നേടി അർജന്റീന അണ്ടർ 20 ടീം. ഇന്നലെ നടന്ന സൗത്ത് അമേരിക്ക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ഉറുഗ്വക്കെതിരായ നിർണായകമത്സരത്തിൽ ജയം നേടിയതോടെയാണ് അർജന്റീന യുവപ്രതിഭകൾ വേൾഡ് കപ്പിന് ടിക്കറ്റെടുത്തത്. ലാറ്റിനമേരിക്കയിൽ നിന്ന് വേൾഡ് കപ്പിന് യോഗ്യത നേടുന്ന ആദ്യടീമാവാനും അർജന്റീന ചുണക്കുട്ടികൾൾക്ക് സാധിച്ചു.

ഇന്നലെ നടന്ന മത്സരത്തിൽ ഉറുഗ്വയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ നീലപ്പട തുരത്തിവിട്ടത്. മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനിറ്റിൽ അനിബൽ മോറെനെയും 46-ആം മിനിറ്റിൽ ഗോൺസാലോ മൊറീനെയും നേടിയ ഗോളുകൾക്കാണ് അർജന്റീന ജയം നേടിയത്. ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം നേടി ഒൻപത് പോയിന്റോടെ അർജന്റീന ഗ്രൂപ്പിൽ തലപ്പത്തെത്തുകയായിരുന്നു. ഇതോടെ ഈ വർഷം പോളണ്ടിൽ നടക്കുന്ന വേൾഡ് കപ്പിന് യോഗ്യത നേടാൻ അർജന്റീനക്ക് സാധിച്ചു.

അതേ സമയം ലാറ്റിനമേരിക്കൻ ശക്തികളായ ബ്രസീലിന്റെ നില പരുങ്ങലിലാണ്. നാലു മത്സരങ്ങളിൽ നിന്ന് രണ്ട് തോൽവിയും രണ്ട് സമനിലയും വഴങ്ങി കേവലം രണ്ട് പോയിന്റോടെ ഗ്രൂപ്പിൽ അവസാനസ്ഥാനക്കാരാണ് ബ്രസീൽ. അത്കൊണ്ട് തന്നെ വേൾഡ് കപ്പ് സാധ്യതകൾ വളരെ കുറവാണ്. അതേ സമയം നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയും ഒരു തോൽവി യും വഴങ്ങിയ ഉറുഗ്വ ഏഴ് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് പട്ടികയിൽ. അണ്ടർ 20 വേൾഡ് കപ്പ് ഏറ്റവും കൂടുതൽ സ്വന്തമാക്കിയ അർജന്റീന ഇത്തവണയും കിരീടപ്രതീക്ഷയിൽ തന്നെയാണ്.

COPYRIGHT WARNNING !