ഫുട്ബോൾ ലോകത്തെ പുത്തൻ കണ്ടുപിടിത്തമായാണ് പോർച്ചുഗലിന്റെ അത്ഭുതബാലൻ ജോവോ ഫെലിക്സ് ഈയിടെയായി മാധ്യമങ്ങളിൽ നിറയുന്നത്. നിലവിൽ ബെൻഫിക്കയുടെ താരമായ ഫെലിക്സിന്റെ പ്രതിഭാപാടവം ഫുട്ബോൾ ലോകത്തെങ്ങും ചർച്ചാവിഷയമായിട്ടുണ്ട്. പൊതുവെ അറ്റാക്കിങ് മിഡ്ഫീൽഡറായ താരത്തിന്റെ വ്യത്യസ്ഥമായ കളിയിലെ കണക്കുകൾ ആണ് നിലവിൽ ഫുട്ബോൾ ലോകത്ത് ഈ താരത്തെ കുറിച്ച് ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

ഈ സീസണിൽ സീനിയർ ലെവലിൽ കളി ആരംഭിച്ച താരം,കളിച്ച ആദ്യത്തെ ആയിരം മിനിറ്റുള്ളിൽ നേടിയത് എട്ട് ഗോളുകളും മൂന്നു അസിസ്റ്റുകളുമാണ്. ഫുട്‍ബോളിലെ പ്രമുഖതാരങ്ങളുമായി ഈ കണക്കിനെ താരതമ്യം ചെയ്യുമ്പോഴാണ് ഇതിന്റെ അന്തരം വ്യക്തമാവുക. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യത്തെ ആയിരം മിനിറ്റിനുള്ളിൽ നേടിയിരുന്നത് മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു. എന്നാൽ മെസ്സി ഇതിൽ ഏറെ മുൻപന്തിയിൽ ആയിരുന്നു. പതിമൂന്ന് ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയിരുന്നു. ആദ്യത്തെ ആയിരം മിനിറ്റിനുള്ളിൽ നെയ്മർ നാലു ഗോളും രണ്ട് അസിസ്റ്റും നേടിയപ്പോൾ എംബപ്പേ നാലു ഗോളും ആറു അസിസ്റ്റുകളും കരസ്ഥമാക്കിയിരുന്നു. ഈ താരതമ്യ കണക്കുകൾ ഒക്കെ തന്നെയും താരം ഭാവിവാഗ്ദാനമായേക്കാം എന്നാണ് ചൂണ്ടികാണിക്കുന്നത്.

അതേ സമയം പോർച്ചുഗലുകാരനായ താരത്തിന്റെ പിന്നാലെ യൂറോപ്പിലെ വമ്പൻ ക്ലബുകൾ രംഗത്തുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി, റയൽ മാഡ്രിഡ്‌ എന്നിവരൊക്കെ തന്നെയും താരത്തിൽ കണ്ണ് വെച്ചിട്ടുണ്ട്. 120 മില്യൺ യുറോയാണ് ബെൻഫിക്ക ഈ പത്തൊൻപത്കാരന് വിലയിട്ടിരിക്കുന്നത്. എന്നാൽ ഫെലിക്സിനാവട്ടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോടൊപ്പം യുവന്റസിൽ കളിക്കാനാണ് ആഗ്രഹം. കുട്ടിക്കാലം മുതൽക്കേ തന്റെ ആരാധനാപുരുഷനും പ്രചോദനവുമായ ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

COPYRIGHT WARNNING !