മെസ്സി ഉള്ള ബാഴ്സയും മെസ്സി ഇല്ലാത്ത ബാഴ്സയും തങ്ങൾക്ക് ഒരുപോലെയാണെന്ന് അത്ലറ്റികോ ബിൽബാവോ താരം ഇനിഗോ കോർഡോബ. കഴിഞ്ഞ ദിവസം ഫുട്ബോൾ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് കോർഡോബ മെസ്സിയെ പരിഹസിച്ചു രംഗത്തെത്തിയത്. മെസ്സി കളിക്കുന്നു എന്ന കാരണത്താൽ ബാഴ്‌സയെ തങ്ങൾ കൂടുതൽ ഭയക്കേണ്ട ആവിശ്യകത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാലിഗയിൽ ബാഴ്സ-ബിൽബാവോ മത്സരം നടക്കുന്നതിന്റെ മുന്നോടിയാണ് അദ്ദേഹത്തിന്റെ ഈ പ്രകോപനപരമായ പ്രസ്താവന.

” മെസ്സി കളിച്ചാലും ഇല്ലെങ്കിലും ബാഴ്സ ഞങ്ങളെ സംബന്ധിച്ചെടുത്തോളം ഒരുപോലെയാണ്. കളിക്കളത്തിൽ മെസ്സി ഉണ്ടായാലും ബാഴ്‌സയെ തോൽപ്പിക്കാൻ പ്രാപ്തി ഉള്ളവരാണ് ബിൽബാവോ. ഏണെസ്റ്റോ വാൽവെർദെക്ക് കീഴിൽ മികച്ച താരനിര തന്നെ ബാഴ്സക്കുണ്ട്. എന്നാൽ അതൊന്നും ഞങ്ങളെ ഭയചകിതരാക്കുന്നില്ല. ഞങ്ങളെ കൊണ്ട് സാധ്യമാവുന്ന ഏറ്റവും മികച്ച പ്രകടനം തന്നെ ഞങ്ങൾ ബാഴ്സക്കെതിരെ പുറത്തെടുക്കും. കളിക്കളത്തിൽ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് നല്ല ധാരണ ഞങ്ങൾ ഓരോരുത്തർക്കും ഉണ്ട്. നന്നായി ആക്രമിച്ചു കളിച്ച് പോരാടാൻ തന്നെയാണ് ഞങ്ങളുടെ പ്ലാൻ. അത്കൊണ്ട് തന്നെ ഏറ്റവും കടുപ്പമേറിയ മത്സരമായിരിക്കും അത് ” കോർഡോബ കൂട്ടിച്ചേർത്തു.

ഇന്ത്യൻ സമയം നാളെ രാത്രി ഒന്നരക്കാണ് ബാഴ്സ-ബിൽബാവോ പോരാട്ടം. ലാലിഗയുടെ ഇരുപത്തിമൂന്നാം റൗണ്ട് പോരാട്ടത്തിൽ ബിൽബാവോയുടെ തട്ടകമായ സാൻ മേമെസ് ബാരിയയിൽ വെച്ചാണ് പോരാട്ടം. നിലവിൽ അൻപത് പോയിന്റോടെ ലീഗിലെ ഒന്നാം സ്ഥാനക്കാരാണ് കറ്റാലൻമാർ. എന്നാൽ ബിൽബാവോയാവട്ടെ ഇരുപത്തിയാറു പോയിന്റോടെ പതിമൂന്നാം സ്ഥാനത്താണ്. പരിക്കിൽ നിന്ന് മുക്തനായ മെസ്സി ആദ്യഇലവനിൽ തന്നെ കളിച്ചേക്കുമെന്നുമാണ് പ്രാഥമികറിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

COPYRIGHT WARNNING !