ബാഴ്സലോണ പ്രതിരോധ നിരയിലെ ഏറ്റവും പ്രധാന താരമായ ജോർദി ആൽബക്കു പകരക്കാരനെ കണ്ടെത്താൻ കറ്റലൻ ടീം ഒരുങ്ങുന്നു. വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മൂന്നു താരങ്ങളെയാണ് ആൽബയുടെ പകരക്കാരനായി ബാഴ്സ നോട്ടമിട്ടിരിക്കുന്നത്. ഫ്രഞ്ച് ക്ലബ് ലിയോണിന്റെ ഫെർലൻഡ് മെൻഡി, റയൽ ബെറ്റിസ് താരം ജൂനിയർ ഫിർപോ എന്നിവർക്കു പുറമേ അത്ലറ്റികോ മാഡ്രിഡിന്റെ മുപ്പത്തിമൂന്നുകാരനായ ബ്രസീലിയൻ താരം ഫിലിപെ ലൂയിസും ബാഴ്സയുടെ പരിഗണനയിലുണ്ട്. സ്പാനിഷ് മാധ്യമം മുണ്ടോ ഡിപോർടിവോയാണ് ഇക്കാര്യം പുറത്തു വിട്ടത്.

മുണ്ടോ ഡിപോർടിവോയുടെ റിപ്പോർട്ടുകൾ പ്രകാരം ലിയോണിന്റെ ഫ്രഞ്ച് താരം ഫെർലൻഡ് മെൻഡിയുടെ ട്രാൻസ്ഫറിനാണ് ബാഴ്സ പ്രാധാന്യം കൊടുക്കുന്നത്. ബാഴ്സ സ്പോർട്ടിംഗ് ഡയറക്ടർ എറിക് അബിദാലിന്റെ പ്രത്യേക താൽപര്യമാണ് ഇതിനു പിന്നിൽ. ജൂനിയർ ഫിർപോക്ക് റയൽ ബെറ്റിസ് അൻപതു ദശലക്ഷം യൂറോയോളം റിലീസിങ്ങ് തുക വച്ചിരിക്കുന്നതു കൊണ്ട് ഇരുപത്തിരണ്ടുകാരനായ താരം ബാഴ്സയുടെ അവസാന പരിഗണനയിലാണുള്ളത്. മെൻഡിയുടെ ട്രാൻസ്ഫർ നടന്നില്ലെങ്കിൽ അടുത്ത സീസണിൽ ആൽബക്ക് ഒരു താൽക്കാലിക ബാക്ക് അപ്പ് എന്ന രീതിയിലാണ് ഫിലിപ്പെ ലൂയിസിനെ കറ്റലൻ ക്ലബ് പരിഗണിക്കുന്നത്.

ഫ്രഞ്ച് താരമായിരുന്ന ലൂകാസ് ഡിഗ്നെ എവർട്ടണിലേക്കു ചേക്കേറിയതോടെ ആൽബക്കു പകരക്കാരനായി ഒരു താരം ബാഴ്സലോണ നിരയിലില്ല. അതു കൊണ്ടു തന്നെ പരിക്ക്, സസ്പെൻഷൻ എന്നിവ മൂലം ആൽബക്കു പുറത്തിരിക്കേണ്ടി വരുമ്പോൾ ലെഫ്റ്റ് ബാക്ക് പൊസിഷൻ വാൽവെർദെക്ക് വലിയ തലവേദനയാണ്. വലൻസിയക്കെതിരായ കഴിഞ്ഞ ലാലിഗ മത്സരത്തിൽ സീസണിലെ അഞ്ചാം മഞ്ഞക്കാർഡു ലഭിച്ചതു മൂലം അത്ലറ്റികോ ബിൽബാവോക്കെതിരെ നാളെ നടക്കുന്ന മത്സരത്തിൽ ആൽബ കളിക്കാനിറങ്ങില്ല. ലാലിഗ കിരീടത്തിനു വേണ്ടി ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന ഈ സീസണിൽ താരത്തിനു ലഭിച്ച സസ്പെൻഷൻ ബാഴ്സലോണക്ക് തിരിച്ചടിയാണ്.

COPYRIGHT WARNNING !