ചുവന്നചെകുത്താൻമാരുടെ കുതിപ്പിന് ഫുൾ സ്റ്റോപ്പിടാൻ ഫുൾഹാമിനും കഴിഞ്ഞില്ല. ഇന്ന് നടന്ന പ്രീമിയർ മത്സരത്തിൽ ഫുൾഹാമിന്റെ തട്ടകത്തിൽ വെച്ച് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് സോൾഷ്യാറിന്റെ ചുവപ്പൻ പട വിജയം കൊയ്തത്. ഇരട്ടഗോൾ നേടിയ സൂപ്പർ താരം പോൾ പോഗ്ബയാണ് ജയത്തിൽ നിർണായകപങ്ക് വഹിച്ചത്.

മികച്ച നിരയെ തന്നെയാണ് സോൾഷ്യാർ കളത്തിലിറക്കിയത്. മുന്നേറ്റനിരയിൽ മാർഷ്യലും മാറ്റയും ലുക്കാക്കുവും അണിനിരന്നപ്പോൾ പിറകിൽ പോഗ്ബയും മാറ്റിച്ചും ഹെരേരയും അണിനിരന്നു. തുടക്കം മുതൽ ആക്രമണം കെട്ടഴിച്ചു വിട്ട യുണൈറ്റഡ് പതിനാലാം മിനിറ്റിൽ ഗോൾ കണ്ടെത്തി. ആന്റണി മാർഷ്യൽ നീട്ടി നൽകിയ പന്ത് അസാധ്യമായ ആംഗിളിൽ നിന്ന് തന്റെ കരുത്തുറ്റ ഷോട്ടിലൂടെ വലകുലുക്കിയപ്പോൾ കാണികൾക്ക് പലർക്കും സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവുമായിരുന്നില്ല. കേവലം ഒൻപത് മിനിട്ടുകൾക്കകം മറ്റൊരു മനോഹരമായ ഗോളും പിറന്നു. ഫിൽ ജോൺസിന്റെ പാസ്സ് സ്വീകരിച്ചു മൈതാനമധ്യത്ത് നിന്ന് ആന്റണി മാർഷ്യൽ നടത്തിയ കുതിപ്പ് അവസാനിച്ചത് ഗോളിലായിരുന്നു. എതിർ താരങ്ങളെ വിദഗ്ദ്ധമായി കബളിപ്പിച്ചു നേടിയ ഗോൾ അതിമനോഹരമായിരുന്നു.

രണ്ടാം പകുതിയിലും യുണൈറ്റഡ് ആക്രമണം തുടർന്നു. 65-ആം മിനിറ്റിൽ ഫുൾഹാം താരം ബോക്സിൽ ഫൗൾ വഴങ്ങിയതിനെ തുടർന്ന് യുണൈറ്റഡ് അനുകൂലമായി പെനാൽറ്റി ലഭിച്ചു. അനായാസം ലക്ഷ്യത്തിലെത്തിച്ച് പോഗ്ബ ഗോൾപട്ടിക തികച്ചു. ഈ സീസണിൽ പോഗ്ബ നേടുന്ന പത്താം ഗോൾ ആയിരുന്നു ഇത്. ജയത്തോടെ ഇരുപത്തിയാറ് മത്സരങ്ങളിൽ നിന്ന് അൻപത്തിയൊന്ന് പോയിന്റ് നേടി നാലാം സ്ഥാനത്താണ് യുണൈറ്റഡ്. സോൾഷ്യാറിന് കീഴിൽ തുടർച്ചയായി ആറാം എവേ ജയമാണ് യുണൈറ്റഡ് കരസ്ഥമാക്കുന്നത്.

COPYRIGHT WARNNING !