ഇന്നലെ ഫുൾഹാമിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി പോഗ്ബയാണു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിന് അടിത്തറയിട്ടതെങ്കിലും മത്സരത്തിൽ ആൻറണി മാർഷ്യൽ നേടിയ ഗോളാണ് ആരാധകർക്കിടയിൽ തരംഗമാവുന്നത്. മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനുട്ടിലാണ് ഫുൾഹാം പ്രതിരോധത്തെ ഛിന്നഭിന്നമാക്കിയ ഗോൾ ഫ്രഞ്ച് താരം നേടുന്നത്. ഫിൽ ജോൺസൻ നീട്ടിയ പന്ത് മധ്യവരക്കിപ്പുറത്തു നിന്നും സ്വീകരിച്ച മാർഷ്യൽ അസാമാന്യ വേഗതയിൽ കുതിച്ച് മൂന്നോളം ഫുൾഹാം താരങ്ങളെ മറികടന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടിയത്. ഈ സീസണിൽ താരത്തിന്റെ ഒൻപതാമത്തെ പ്രീമിയർ ലീഗ് ഗോളായിരുന്നു ഇന്നലെ പിറന്നത്.

Anthony Martial Superb Solo goal#manchesterunited #manutd #mufc #ILOVEUNITED_PU #manunited #Pogba #Fulham #PremierLeague

Posted by All.Man.Utd on Saturday, February 9, 2019

മത്സരത്തിനു ശേഷം ആരാധകരും സഹതാരങ്ങളുമെല്ലാം മാർഷ്യലിനെ പ്രശംസ കൊണ്ടു മൂടുകയാണ്. ക്രിസ്ത്യാനോ റൊണാൾഡോയുടെ പിൻഗാമിയായും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മെസി എന്ന രീതിയിലെല്ലാമാണ് ആരാധകർ ഫ്രഞ്ച് താരത്തെ വിശേഷിപ്പിക്കുന്നത്. മാർഷ്യലിലേക്കു പന്തെത്തിച്ചു കൊടുത്താൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വിജയം ഉറപ്പാണെന്നാണ് ടീമിലെ സഹതാരം യുവൻ മാട്ട ഇന്നലത്തെ മത്സരത്തിനു ശേഷം അഭിപ്രായപ്പെട്ടത്. ഫ്രഞ്ച് താരങ്ങളായ മാർഷ്യലും പോഗ്ബയും തമ്മിലുള്ള ഒത്തിണക്കവും യുണൈറ്റഡ് ആക്രമണത്തിൽ വലിയ മുന്നേറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇന്നലെ പോഗ്ബയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയതും മാർഷ്യലായിരുന്നു.

മൊറീന്യോയുടെ കീഴിൽ അവസരങ്ങൾ കുറവായിരുന്ന മാർഷ്യൽ പുതിയ പരിശീലകന്റെ കീഴിൽ തിരിച്ചു വരവിന്റെ പാതയിലാണെന്നാണ് നിലവിലെ ഫോം തെളിയിക്കുന്നത്. ഇന്നലത്തെ മത്സരത്തിൽ ജയം നേടിയതോടെ താൽക്കാലികമായി യുണൈറ്റഡ് നാലാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇന്നു സിറ്റിയെ നേരിടാനിറങ്ങുന്ന ചെൽസിയെ സമ്മർദ്ദത്തിലാക്കാനും വിജയത്തോടെ യുണൈറ്റഡിനായി. ഒരു മത്സരം കുറച്ചു കളിച്ച ചെൽസിയേക്കാൾ ഒരു പോയിന്റ് കൂടുതലുമായാണ് യുണൈറ്റഡ് നാലാം സ്ഥാനത്തു നിൽക്കുന്നത്.

COPYRIGHT WARNNING !