യുവന്റസിന്റെ സൂപ്പർ താരം പൌലോ ദിബാലയെ വെച്ച് റയൽ മാഡ്രിഡും യുവന്റസും കൈമാറ്റകച്ചവടത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇറ്റലിയിലെ പ്രമുഖഫുട്ബോൾ മാധ്യമമായ ട്യൂട്ടോസ്പോർട്ട് ആണ്‌ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ താരത്തെ റയലിന് കൈമാറാൻ യുവന്റസ് സമ്മതം മൂളിയതായാണ് റിപ്പോർട്ടുകൾ. പകരം റയൽ മാഡ്രിഡ്‌ താരങ്ങളായ ഇസ്കോയെയോ ജെയിംസ്‌ റോഡ്രിഗസിനെയോ ആവിശ്യപ്പെടാനാണ് യുവന്റസ് ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവിൽ ജെയിംസ്‌ ലോണടിസ്ഥാനത്തിൽ ബയേണിന് വേണ്ടിയാണ് കളിക്കുന്നത്.

യുവന്റസിൽ താരം അതൃപ്തനായി തുടങ്ങിയതായും റിപ്പോർട്ട്‌ പ്രതിപാദിക്കുന്നു. ഈ സീസണിൽ റൊണാൾഡോയുടെ വരവോടെ യുവന്റസിന്റെ വീരപരിവേഷത്തിൽ നിന്നും മാറിയ താരത്തിന് വേണ്ടത്ര തിളങ്ങാനും സാധിച്ചിരുന്നില്ല. ഈ സീസണിൽ കേവലം രണ്ട് സിരി എ ഗോളുകൾ മാത്രമാണ് താരത്തിന് നേടാൻ സാധിച്ചിട്ടുള്ളത്. മാത്രമല്ല കഴിഞ്ഞ രണ്ട് മത്സരങ്ങളിലും താരം ബെഞ്ചിലായിരുന്നു. പാർമക്കെതിരെയും സാസുവോളെക്കെതിരെയുമാണ് താരം ബെഞ്ചിൽ ഒതുങ്ങിയത്. മാത്രമല്ല യുവന്റസ് കോച്ച് അല്ലെഗ്രി താരത്തെ വേണ്ടത്ര പരിഗണിക്കാത്തതും താരത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതൊക്കെ തന്നെയും യുവന്റസ് വിടാൻ താരത്തെ പ്രേരിപ്പിക്കുകയാണ് എന്നാണ് ട്യൂട്ടോസ്പോർട്ട് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

റയലിൽ ഇസ്കോക്കും സമാനസ്ഥിതിഗതി തന്നെയാണ്. സാന്റിയാഗോ സോളാരി കോച്ച് ആയി ചുമതലയേറ്റ ശേഷം ഒരൊറ്റ മത്സരത്തിൽ പോലും സ്റ്റാർട്ട്‌ ചെയ്യാൻ ഇസ്കോക്ക് സാധിച്ചിരുന്നില്ല. ഇതിനാൽ തന്നെ ഈ സമ്മറിൽ താരം റയൽ വിട്ടേക്കും. ബയേണിൽ ലോണിൽ കളിക്കുന്ന ജെയിംസ്‌ റോഡ്രിഗസാവട്ടെ യുവന്റസിലേക്ക് പോവാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇതിനാൽ തന്നെ രണ്ട് പേരിലൊരാളെ കൈക്കലാക്കി ദിബാലയെ വിട്ട് നൽകാനാണ് യുവന്റസിന്റെ പ്ലാൻ. എന്നാൽ റയലിന് വെല്ലുവിളി ഉയർത്തികൊണ്ട് തന്നെ ക്ലബ് ഭീമൻമാരായ മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും ബയേണും ദിബാലക്ക് പിറകെ ഉള്ളതായും റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു.

COPYRIGHT WARNNING !