നാളെ രാത്രി ഡച്ച് ക്ലബ് അയാക്സുമായി നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുൻപ് തുടർച്ചയായ നാലാം കിരീടം ലക്ഷ്യം വച്ചിറങ്ങുന്ന റയൽ മാഡ്രിഡിനെ തേടി സന്തോഷ വാർത്ത. അയാക്സ് മധ്യനിരയുടെ നട്ടെല്ലായ നെതർലൻഡ്സ് താരം ഫ്രാങ്ക് ഡി ജോംഗ് റയലിനെതിരായ മത്സരത്തിൽ കളിക്കാൻ സാധ്യത കുറവാണെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. കഴിഞ്ഞ ലീഗ് മത്സരത്തിനിടെയേറ്റ പരിക്കാണ് നിർണായക മത്സരത്തിൽ ഡിജോംഗിന്റെ വഴി മുടക്കുന്നത്. അൽമേലോയുമായുള്ള കഴിഞ്ഞ മത്സരത്തിനിടയിൽ പേശി വലിവിനെ തുടർന്ന് താരത്തെ പരിശീലകൻ പിൻവലിച്ചിരുന്നു. ഡി ജോംഗ് കളിക്കുമെന്ന കാര്യം ഇതുവരെയും ഉറപ്പു പറയാൻ അയാക്സ് പരിശീലകൻ തയ്യാറായിട്ടില്ല.

അടുത്ത സീസണിൽ ബാഴ്സലോണയിലേക്കു ചേക്കേറാൻ കരാറൊപ്പിട്ടിരിക്കുന്ന ഡി ജോംഗ് അയാക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ്. ഡി ജോംഗിനു പുറമേ അർജൻറീനിയൻ ലെഫ്റ്റ് ബാക്കായ ടാഗ്ലിയാഫിക്കോയും മത്സരത്തിനിറങ്ങുന്ന കാര്യം സംശയമാണെന്നും വാർത്തകളുണ്ട്. കഴിഞ്ഞ മത്സരത്തിലേറ്റ പരിക്കു തന്നെയാണ് താരത്തിനും തിരിച്ചടിയായത്. ഗ്രൂപ്പ് ഇയിൽ ബയേണിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായി അവസാന പതിനാറിൽ ഇടം നേടിയ അയാക്സിന്റെ ക്വാർട്ടർ ഫൈനൽ പ്രതീക്ഷകളെ ഇരു താരങ്ങളുടെയും അഭാവം ബാധിക്കുമെന്നത് ഉറപ്പാണ്.

അയാക്സിന്റെ മൈതാനത്തു വച്ച് നാളെ രാത്രിയാണ് മത്സരം നടക്കുന്നത്. സീസണിന്റെ തുടക്കത്തിൽ പതറിയെങ്കിലും ഇപ്പോൾ മാരക ഫോമിൽ കളിക്കുന്ന റയൽ മാഡ്രിഡിന് വിജയം എളുപ്പമായിരിക്കുമെന്ന കണക്കുകൂട്ടലാണ് ആരാധകർക്ക്. ലീഗിൽ പതറുന്ന സമയത്തും ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കിറങ്ങുമ്പോൾ ഇരട്ടി കരുത്തു കാണിക്കുന്ന ടീമാണ് റയൽ മാഡ്രിഡ്. കഴിഞ്ഞ മൂന്നു സീസണുകളിലും അതവർ തെളിയിച്ചു കഴിഞ്ഞതുമാണ്.

COPYRIGHT WARNNING !