യുവന്റസിന്റെ അർജൻറീനിയൻ സൂപ്പർ താരമായ പൗളോ ഡിബാല അടുത്ത സീസണിൽ ടീം വിടുമെന്ന അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ് ഇറ്റാലിയൻ ക്ലബിന്റെ നേതൃത്വം രംഗത്ത്. യുവന്റസിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ഫാബിയോ പരാറ്റിസിയാണ് ഇറ്റാലിയൻ മാധ്യമം ഗസറ്റ ഡെല്ല സ്പോർടിനോടു സംസാരിക്കുമ്പോൾ അർജൻറീനിയൻ താരത്തിന്റെ ട്രാൻസ്ഫറിനെ കുറിച്ചു പ്രതികരിച്ചത്. യുവന്റസിന്റെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ആദ്യ ഇലവനിലിടം ലഭിക്കാതിരുന്നതോടെയാണ് ഡിബാല ഈ സീസണു ശേഷം ഇറ്റാലിയൻ ടീം വിടാനിടയുണ്ടെന്ന അഭ്യൂഹങ്ങൾ വീണ്ടും ശക്തമായത്.

“ഡിബാല ക്ലബ് വിടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാൽ മാത്രമേ ട്രാൻസ്ഫറിന്റെ കാര്യം പരിഗണിക്കൂ. അതല്ലെങ്കിൽ ഡിബാലക്കു പകരം നിൽക്കാൻ കഴിവുള്ള താരങ്ങളായ മെസിയോ നെയ്മറോ യുവന്റസിലെത്തണം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനുള്ള യാതൊരു സാധ്യതയുമില്ല. ഡിബാല വളരെക്കാലമായി യുവന്റസിനൊപ്പമുള്ള കളിക്കാരനാണ്, താരം കരിയറിന്റെ അവസാനം വരെ ഇവിടെ തന്നെ തുടരും.” പരാറ്റിസി പറഞ്ഞു.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഹിഗ്വയ്ൻ, റൊണാൾഡോ എന്നിവർക്കായി ക്ലബിന്റെ ട്രാൻസ്ഫർ റെക്കോർഡ് രണ്ടു തവണ തിരുത്തിയ ക്ലബാണ് യുവന്റസ്. അതു കൊണ്ടു കൂടിയാണ് ഒരു പ്രധാന താരത്തെ അവർ ഒഴിവാക്കിയേക്കുമെന്ന സൂചനകൾ ശക്തമാവുന്നത്. 120 ദശലക്ഷം യൂറോ മുടക്കി റയൽ മാഡ്രിഡ് ഡിബാലയെ സ്വന്തമാക്കുമെന്നാണ് വാർത്തകളുണ്ടായിരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനു വേണ്ടി സജീവമായി രംഗത്തുണ്ട്.

COPYRIGHT WARNNING !