കഴിഞ്ഞ വാരാന്ത്യം നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് ഗോൾ മഴയേറ്റു വാങ്ങി പരാജയപ്പെട്ട ചെൽസിയിൽ നിന്നും വീണ്ടും നാണക്കേടിന്റെ വാർത്തകൾ. തിങ്കളാഴ്ച നടന്ന പരിശീലന മത്സരത്തിൽ സൂപ്പർ താരങ്ങളടങ്ങിയ ചെൽസി ടീമിന് അവരുടെ യുവനിരയോടു പോലും വിജയം കണ്ടെത്താനായില്ല. രണ്ടു ദിവസത്തിനകം യൂറോപ്പ ലീഗ് നോക്കൗട്ട് മത്സരത്തിനിറങ്ങാനിരിക്കുന്ന ചെൽസിക്ക് ഒട്ടും ആശ്വാസം പകരുന്നതല്ല ഇപ്പോഴത്തെ ടീമിന്റെ ഫോം. സ്വീഡിഷ് ക്ലബ് മാൽമോയെയാണ് ചെൽസി യൂറോപ്പ ലീഗിൽ നേരിടാനൊരുങ്ങുന്നത്.

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കളിച്ച ടീമിനെ തന്നെയാണ് സാറി പരിശീലന മത്സരത്തിനുമിറക്കിയത്. എന്നാൽ അവസാന നിമിഷം നേടിയ ഗോളിൽ യൂത്ത് ടീം 3-3 എന്ന സ്കോറിന് സമനില നേടുകയായിരുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിലും ദയനീയമായ തോറ്റ ചെൽസി പത്തു ഗോളുകളാണ് വഴങ്ങിയത്. സിറ്റിക്കെതിരെയും ബോൺമൗത്തിനെതിരെയും പരാജയപ്പെട്ട ചെൽസിക്ക് ഹഡർസ്ഫീൽഡിനെതിരെ അഞ്ചു ഗോളുകൾക്ക് ജയിച്ചതു മാത്രമാണ് ആശ്വസിക്കാൻ വകയുള്ളത്. എന്നാൽ അതിനു പിന്നാലെ അക്കാദമി താരങ്ങളോടു പോലും ജയിക്കാനായില്ലെന്നത് ടീമിന്റെ ആത്മവിശ്വാസത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ടെന്നാണു വ്യക്തമാക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ തോൽവി വഴങ്ങിയതിനു പിന്നാലെ പരിശീലകൻ സാറിക്കെതിരെ ആരാധകരോഷം ഉയരുന്നുണ്ട്. ഈ സീസണിൽ മികച്ച നേട്ടങ്ങൾ ഉണ്ടാക്കാനായില്ലെങ്കിൽ സാറിയെ ചെൽസി പുറത്താക്കുമെന്ന സൂചനകളും ശക്തമാണ്. യൂറോപ്പ ലീഗിലെ മത്സരത്തിൽ മികച്ച വിജയം നേടി തിരിച്ചു വരാനായിരിക്കും ചെൽസിയുടെ ശ്രമം.

COPYRIGHT WARNNING !