ഫുട്ബോൾ മൈതാനങ്ങളെ അടക്കി വാഴുന്ന അർജൻറീന താരം ലയണൽ മെസി ഇനി ടെന്നിസിലും ഒരു കൈ നോക്കാനിറങ്ങുന്നു. എന്നാൽ കളിക്കാരനായല്ല, ടെന്നിസിലെ ഏറ്റവും പ്രശസ്ത ടൂർണമെന്റായ ഡേവിസ് കപ്പിന്റെ സ്പോൺസർമാരിൽ ഒരാളായാണ് മെസി എത്തുന്നത്. ബാഴ്സലോണ പ്രതിരോധ താരം ജെറാർഡ് പിക്വയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിക്വക്കൊപ്പം ഡേവിസ് കപ്പ് ടൂർണമെന്റിനെ അടുത്ത ഇരുപത്തിയഞ്ചു വർഷത്തേക്ക് സ്പോൺസർ ചെയ്യാൻ മെസിയും നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് പിക്വ പറഞ്ഞു.

ഡേവിസ് കപ്പിന്റെ ഫൈനൽ നറുക്കെടുപ്പിനായി മാഡ്രിഡിലെത്തിയപ്പോഴാണ് മെസിയും ഇതിൽ ഇടപെടുന്നുണ്ടെന്ന കാര്യം പിക്വ അറിയിച്ചത്. പിക്വയുടെ നേതൃത്വത്തിലുള്ള കോസ്മോസ് ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമാണു മെസിയെന്നും കഴിഞ്ഞ പതിനെട്ടു വർഷമായി തനിക്കൊപ്പമുള്ള താരത്തിന് ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടെന്നിസ് മെസിക്ക് ഇഷ്ടമുള്ള വിനോദമാണെന്നും താരത്തിന്റെ താൽപര്യം കൊണ്ടു തന്നെയാണ് തനിക്കൊപ്പം ചേർന്നതെന്നും പിക്വ ഡെയ്ലി മെയിലിനോട് പറഞ്ഞു.

നേരത്തെ ഡേവിസ് കപ്പിനെ പരിഷ്കരിച്ച് ഒരു ലോകകപ്പ് ടൂർണമെൻറായി നടത്താനായിരുന്നു പിക്വക്കു പദ്ധതിയുണ്ടായിരുന്നത്. എന്നാൽ ടെന്നിസിലെ പ്രമുഖ താരങ്ങളെല്ലാം ഇതിനെ രൂക്ഷമായി എതിർത്തതോടെ താരം പദ്ധതി പിൻവലിച്ചു. ബാഴ്സലോണയുടെ സ്പോൺസർമാരായ റാകുട്ടനും പിക്വയുടെ പദ്ധതിക്ക് പിന്തുണ നൽകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

COPYRIGHT WARNNING !