മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സിസ് സാഞ്ചസ് തന്റെ മുൻ ക്ലബായ ആഴ്സനലിലേക്കു തന്നെ തിരികെ പോകണമെന്ന് ഗണ്ണേഴ്സിന്റെ മുൻ താരം മാർക് ഓവർമാസ്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് ചിലിയൻ താരം മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുന്നത്. കഴിഞ്ഞ സീസണോടെ ആഴ്സനലുമായി കരാർ അവസാനിക്കാനിരുന്ന താരത്തെ ഹെൻറിക് എംഖിറ്റാരിയനെ പകരം നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ ഫോം കണ്ടെത്താൻ സാഞ്ചസിനായില്ല. മുപ്പത്തിയേഴു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ മാത്രമാണ് ഇതു വരെ താരം നേടിയിരിക്കുന്നത്.

“സാഞ്ചസിനോടെനിക്ക് ബഹുമാനമുണ്ട്, ആഴ്സനലിനു വേണ്ടി അത്രയും മികച്ച കളിയാണ് അദ്ദേഹം കാഴ്ച വെച്ചിരുന്നത്. എന്നാൽ ആഴ്സനൽ വിടാനുള്ള താരത്തിന്റെ തീരുമാനം ശരിയായിരുന്നോ എന്നെനിക്ക് സംശയമുണ്ട്. സാഞ്ചസിനെ പോലെയുള്ള താരങ്ങളെയാണ് ആഴ്സനലിന് ആവശ്യം. സാഞ്ചസിനൊപ്പം നിൽക്കുന്ന ഒരു പകരക്കാരനെ കണ്ടെത്താൻ ആഴ്സനലിന് ഇതു വരെ കഴിഞ്ഞിട്ടില്ല. അതു കൊണ്ടു തന്നെ താരം തിരികെയെത്തണമെന്നാണ് എന്റെ ആഗ്രഹം.” ഓവർമാസ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡുമായി നാലര വർഷത്തെ കരാറാണ് സാഞ്ചസ് ഒപ്പിട്ടിരിക്കുന്നത്. ടീമിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണെങ്കിലും മോശം ഫോം കാരണം ആദ്യ ഇലവനിൽ സ്ഥിര സാന്നിധ്യമാവാൻ ഇപ്പോഴും സാഞ്ചസിനു കഴിഞ്ഞിട്ടില്ല. തനിക്കൊന്നും ചെയ്യാനില്ലെന്നും സാഞ്ചസ് സ്വയം കണ്ടെത്തണമെന്നുമാണ് പരിശീലകൻ സോൾഷെയർ താരത്തിന്റെ ഫോമിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഈ സീസണിൽ അവസരങ്ങൾ കുറഞ്ഞാൽ സാഞ്ചസ് ആഴ്സനലിലേക്ക് തിരികെയെത്താനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.

COPYRIGHT WARNNING !