പതിവ് സീസണുകളിൽ നിന്ന് ലയണൽ മെസ്സിയെന്ന ഇതിഹാസത്തിന് ഒരു മാറ്റവുമില്ല. ഗോളടിച്ചും ഗോളടിപ്പിച്ചും തന്റെ ചുമതല ഭംഗിയായി മെസ്സി ഇപ്പോഴും നിർവഹിച്ചു കൊണ്ടിരിക്കുന്നു. ഈ സീസണിലും ലാലിഗയിൽ മറ്റുള്ള താരങ്ങളെ നോക്കികുത്തിയാക്കി മെസ്സി കുതിപ്പ് തുടരുകയാണ്. എന്നാൽ ഇപ്പോൾ താരങ്ങളെ മാത്രമല്ല ഒരു ക്ലബ്ബിനെ തന്നെ നോക്കികുത്തിയാക്കി മെസ്സി മുന്നിലാണ് എന്നത് ആരാധകർക്ക് കൗതുകം പകരുന്നു. ഇന്ന് ബാഴ്സ ഏറ്റുമുട്ടുന്ന വല്ലഡോലിഡ് ആണ്‌ മെസ്സിക്ക് മുമ്പിൽ തലകുനിച്ചിരിക്കുന്നത്.

ഗോളുകളുടെ കാര്യത്തിലാണ് മെസ്സിക്ക് മുമ്പിൽ വല്ലഡോലിഡ് അടിയറവ് പറഞ്ഞിട്ടുള്ളത്. എന്തെന്നാൽ ഈ ലാലിഗ സീസണിൽ വല്ലഡോലിഡ് ആകെ നേടിയ ഗോളുകളുടെ എണ്ണം പത്തൊൻപത് ആണ്‌ . ഇനി മെസ്സി ഈ സീസണിൽ ഗോളുകളുടെ എണ്ണം എടുത്ത് പരിശോധിച്ചാലാണ് താരം ബാഴ്സക്ക് എത്രത്തോളം നിർണായകമാണ് എന്ന് മനസ്സിലാവുക. ഈ ലാലിഗയിൽ മെസ്സി ഇത് വരെ ഇരുപത്തിയൊന്നു ഗോളുകൾ നേടി കഴിഞ്ഞു. അതായത് വല്ലഡോലിഡ് രണ്ട് ഗോളുകൾക്ക് മെസ്സിക്ക് പിറകിലാണ് എന്ന് സാരം. ഇരുപത്തി മൂന്ന് മത്സരങ്ങളിൽ നിന്ന് കേവലം പത്തൊൻപത് ഗോളുകൾ മാത്രമേ വല്ലഡോലിഡിന് ഇത് വരെ നേടാനായിട്ടൊള്ളൂ.

നിലവിൽ ലാലിഗയിൽ പതിനഞ്ചാം സ്ഥാനത്താണ് വല്ലഡോലിഡ്. ബാഴ്‌സയാവട്ടെ ഒന്നാമതും. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ ബാഴ്സയുടെ ആധിപത്യം തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. വല്ലഡോലിഡാവട്ടെ ഓസ്കാർ പ്ലാനോയെ ആശ്രയിച്ചാണ് പിടിച്ചുനിൽക്കുന്നത്. മൂന്ന് ഗോളുകളും മൂന്നു അസിസ്റ്റുകളും നേടിയ പ്ലാനോയാണ് വല്ലഡോലിഡിന്റെ ടോപ് സ്കോററും ടോപ് അസിസ്റ്റ് പ്രൊവൈഡറും. പത്ത് അസിസ്റ്റുകളുമായി മെസ്സി തന്നെയാണ് ബാഴ്സയിൽ ഏറ്റവും കൂടുതൽ ഗോളടിപ്പിച്ച താരവും. അത്കൊണ്ട് തന്നെ മെസ്സി എന്ന താരം വല്ലഡോലിഡിന് ഇന്നത്തെ മത്സരത്തിൽ കടുത്ത വെല്ലുവിളി ഉയർത്തും എന്ന കാര്യത്തിൽ സംശയമില്ല. വല്ലഡോലിഡിന് എതിരെയും മെസ്സിക്ക് മികച്ച റെക്കോർഡ് ആണുള്ളത്. ഇത് വരെ നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും ടീമിനെതിരെ മെസ്സി നേടിയിട്ടുണ്ട്.

COPYRIGHT WARNNING !