ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിലെ ആദ്യ പാദ മത്സരത്തിൽ അയാക്സിനെതിരെ മനപൂർവ്വം മഞ്ഞക്കാർഡു വാങ്ങിയതിന്റെ പേരിൽ റയൽ നായകൻ റാമോസ് ദു:ഖിക്കുമെന്ന് അയാക്സ് മധ്യനിര താരം ഡി ജോംഗ്. ക്വാർട്ടർ ഫൈനൽ വിലക്കു മൂലം നഷ്ടമാകരുതെന്ന ഉദ്ദേശത്തോടെയാണ് റാമോസ് മത്സരത്തിന്റെ അവസാന നിമിഷം അയാക്സ് താരത്തെ വീഴ്ത്തി ടൂർണമെന്റിലെ മൂന്നാം മഞ്ഞക്കാർഡു വാങ്ങിയത്. എന്നാൽ മത്സരശേഷം നാക്കു പിഴച്ച റാമോസ് മാധ്യമങ്ങളോട് അതു കരുതിക്കൂട്ടി വാങ്ങിയതാണെന്നു സമ്മതിച്ചത് താരത്തിനു പാരയായി. യുവേഫയുടെ നടപടി നേരിട്ട റയൽ നായകന് ഇനി അയാക്സിനെതിരായ രണ്ടാം പാദ മത്സരത്തിലും അതിനടുത്ത മത്സരത്തിലും കളിക്കാനാവില്ല.

അടുത്ത മത്സരത്തിൽ അയാക്സിന് റയലിനെ മറികടക്കാനായാൽ താൻ മനപൂർവ്വം വാങ്ങിയ മഞ്ഞക്കാർഡിനെ കുറിച്ചോർത്ത് റയൽ നായകൻ തീർച്ചയായും നിരാശനാകുമെന്നാണ് ഡി ജോംഗ് പറഞ്ഞത്. റാമോസ് ചെയ്തത് സ്വാഭാവികമായ കാര്യമാണെന്നും ഡി ജോംഗ് പറഞ്ഞു. ആദ്യ പാദ മത്സരത്തിൽ റയലിനെ നിഷ്പ്രഭമാക്കുന്ന പ്രകടനം അയാക്സ് പുറത്തെടുത്തെങ്കിലും പരിചയസമ്പന്നതയുടെ ആനുകൂല്യത്തിൽ പതറാതെ കളിച്ച റയൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടുകയായിരുന്നു. അയാക്സിന്റെ മൈതാനത്ത് നേടിയ രണ്ട് എവേ ഗോളുകളുടെ ആനുകൂല്യമുണ്ടെങ്കിലും രണ്ടാം പാദത്തിൽ റാമോസിന്റെ അഭാവം റയലിന് തിരിച്ചടി തന്നെയാണ്.

ഈ സീസണു ശേഷം അയാക്സിൽ നിന്നും ബാഴ്സയിലേക്കു ചേക്കേറാൻ കരാറിലൊപ്പു വച്ച താരമാണ് ഡി ജോംഗ്. സീസണിന്റെ തുടക്കത്തിൽ തന്നെ താരത്തെ ബാഴ്സ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും അയാക്സ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയതു കൊണ്ട് താരം ഡച്ച് ക്ലബിനൊപ്പം തുടരുകയായിരുന്നു. അതു കൊണ്ടു തന്നെ റയലിനെ പ്രീ ക്വാർട്ടറിൽ മറികടക്കാനായാൽ അതു ഡി ജോംഗിനും അയാക്സിനും വലിയ നേട്ടമാണ്.

COPYRIGHT WARNNING !