ബുണ്ടസ് ലിഗയിൽ ഈ സീസണിലെ സെൻസേഷണൽ താരമായ ലൂകാ യൊവിച്ചിനു പിന്നാലെയാണ് യൂറോപ്പിലെ പ്രധാന ക്ലബുകളെല്ലാം. ആഴ്സനൽ, ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ്, ബാഴ്സലോണ എന്നീ ക്ലബുകളെല്ലാം ഫ്രാങ്ക്ഫർട് താരത്തിനു വേണ്ടി ശ്രമം നടത്തിയിരുന്നു. താരത്തെ കൂടാരത്തിലെത്തിക്കാൻ കനത്ത വില നൽകണമെന്നതു കാരണം ആഴ്സനലും ടിമോ വെർണറെ അടുത്ത സീസണിൽ ടീമിലെത്തിക്കാൻ കരാറിലെത്തിയതു മൂലം ബയേണും ഇപ്പോൾ താരത്തിനു പിന്നാലെയില്ല. സിറ്റി, റയൽ, ബാഴ്സ എന്നീ ക്ലബുകളാണ് ഇപ്പോൾ ഇരുപത്തിയൊന്നുകാരനായ താരത്തെ സ്വന്തമാക്കാൻ മത്സരിക്കുന്നത്‌.

ബാഴ്സ താരത്തെ സ്വന്തമാക്കിയെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ അതിനെ നിഷേധിക്കുന്ന വാർത്തയാണ് മാഡ്രിഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാധ്യമമായ മാർക്ക പുറത്തു വിടുന്നത്. ബാഴ്സയുടെയും സിറ്റിയുടെയും വാഗ്ദാനങ്ങളെ തള്ളി റയൽ മാഡ്രിഡിനു താരത്തെ നൽകാൻ ബെൻഫിക്ക തയ്യാറാണെന്നാണ് മാർക്ക വെളിപ്പെടുത്തുന്നത്. എന്നാൽ നെയ്മറെ കൂടാരത്തിലെത്തിക്കാൻ റയൽ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ടെന്നും അതു നടന്നില്ലെങ്കിൽ യൊവിച്ചിനെ സ്വന്തമാക്കുമെന്നും അവരുടെ വാർത്തയിൽ പറയുന്നു. ബെൻസിമക്കു പകരക്കാരനായാണ് യൊവിച്ചിനെ റയൽ നോട്ടമിടുന്നത്.

ഈ സീസണിൽ 29 മത്സരങ്ങളിൽ നിന്നും 21 ഗോളുകൾ നേടിയാണ് യൊവിച്ച് യൂറോപ്പിലെ ശ്രദ്ധാകേന്ദ്രമായത്. സെർബിയൻ താരത്തെ സ്വന്തമാക്കാനായില്ലെങ്കിൽ സുവാരസിന് പകരക്കാരനെ തേടുന്ന ബാഴ്സക്കത് കനത്ത തിരിച്ചടിയായിരിക്കും. താരത്തിനു വേണ്ടി ബാഴ്സ നേരത്തെ വാഗ്ദാനം നൽകിയിരുന്നു. പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയിൽ നിന്നും ലോണിലാണ് യൊവിച്ച് ഫ്രാങ്ക്ഫർട്ടിൽ കളിക്കുന്നത്.

COPYRIGHT WARNNING !