ഒരിടവേളയിലെ മോശം ഫോമിനു ശേഷം വീണ്ടും പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തി മുന്നേറുകയാണ് ചെൽസി. ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഫുൾഹാമിനെയാണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചെൽസി കീഴടക്കിയത്. സാറിയുടെ വിശ്വസ്ത താരങ്ങളായ ഹിഗ്വയ്നും ജോർജിന്യോയും ഗോൾ കണ്ടെത്തിയ മത്സരത്തിൽ ആസ്പ്ലിക്യുയറ്റയും ഹസാർഡുമാണ് ഗോളിലേക്കു വഴിയൊരുക്കിയത്. മത്സരത്തിൽ ജോർജിന്യോ നേടിയ വിജയഗോളിന് അസിസ്റ്റ് നൽകിയതോടെ ചെൽസിക്കൊപ്പം ഒരു ചരിത്രം കുറിക്കാൻ കൂടി ഹസാർഡിനു കഴിഞ്ഞു. ഹസാർഡിന്റെ അൻപതാമത്തെ പ്രീമിയർ ലീഗ് അസിസ്റ്റാണ് ഇന്നലെ പിറന്നത്.

അസിസ്റ്റുകളുടെ എണ്ണത്തിലെ അർദ്ധ സെഞ്ചുറി മാത്രമല്ല, ചെൽസിക്കു വേണ്ടി പ്രീമിയർ ലീഗിൽ അൻപതിലധികം ഗോളുകളും അസിസ്റ്റുകളും നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടം കൂടിയാണ് ഹസാർഡ് സ്വന്തമാക്കിയത്. ഇതിഹാസ താരങ്ങളായ ദ്രോഗ്ബ, ലംപാർഡ് എന്നിവർ മാത്രമേ ഈ നേട്ടം മുൻപു സ്വന്തമാക്കിയിട്ടുള്ളു. എൺപത്തിയൊന്നു ഗോളുകളും അൻപതു അസിസ്റ്റുകളുമാണ് ഹസാർഡ് പ്രീമിയർ ലീഗിൽ ഇതുവരെ നേടിയിരിക്കുന്നത്. രണ്ടു പ്രീമിയർ ലീഗ് കിരീടവും താരം സ്വന്തമാക്കിയിട്ടുണ്ട്.

മത്സരത്തിൽ വിജയം നേടിയെങ്കിലും പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ചെൽസി. എന്നാൽ ഒരു മത്സരം കളിക്കാൻ ബാക്കിയുള്ള ചെൽസിക്ക് നാലാം സ്ഥാനത്തെത്താമെന്ന പ്രതീക്ഷ ഇനിയുമുണ്ട്. പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തിനു വേണ്ടി കടുത്ത പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. അൻപത്താറു പോയിന്റുള്ള ചെൽസി ആറാം സ്ഥാനത്തു നിൽക്കുമ്പോൾ അൻപത്തിയേഴു പോയിന്റുമായി ആഴ്സനൽ അഞ്ചാമതും അൻപത്തിയെട്ടു പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാമതും നിൽക്കുന്നു.

COPYRIGHT WARNNING !