പടിക്കലെത്തി കുടമുടക്കുകയെന്ന സ്ഥിരം പരിപാടിയിലേക്കാണു ഈ സീസണിലും ലിവർപൂൾ പോകുന്നതെന്നാണ് കരുതേണ്ടത്. എവർട്ടണെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ സമനില വഴങ്ങിയതോടെ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്കു വീണിരിക്കുകയാണ് ലിവർപൂൾ. ക്ലോപ്പിനു കീഴിൽ ഒരു ചാമ്പ്യൻസ് ലീഗുൾപ്പെടെ മൂന്നു ഫൈനലുകൾ കളിച്ചെങ്കിലും ഒരു കിരീടം പോലും നേടാൻ കഴിയാതിരുന്ന ലിവർപൂൾ ഇത്തവണ തൊട്ടടുത്തെത്തിയ പ്രീമിയർ ലീഗ് കിരീടം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ബ്രൻഡൻ റോജേഴ്സ് പരിശീലകനായിരുന്ന സമയത്ത് ചെൽസിക്കെതിരെ ജെറാർഡിന്റെ ഒരു വീഴ്ച കൊണ്ട് അവർക്കു പ്രീമിയർ ലീഗ് കിരീടം നഷ്ടമായപ്പോൾ ഇത്തവണ എവർട്ടണെതിരായ നിർണായക മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നതിന് ഒരു വിചിത്ര വാദമാണ് പരിശീലകൻ ക്ലോപ്പ് ഉയർത്തിയത്.

മത്സരത്തിൽ ലിവർപൂളിന്റെ വിജയം നിഷേധിക്കപ്പെടാൻ കാരണമായത് മൈതാനത്തെ കാറ്റാണെന്നാണ് ക്ലോപ്പ് മാധ്യമങ്ങളോട് പറഞ്ഞത്. “കടുപ്പമേറിയ മത്സരമാണു കഴിഞ്ഞത്. ഞാൻ പറയാൻ പോകുന്നത് ആളുകൾക്ക് ഇഷ്ടമാവില്ലെന്നറിയാം. മത്സരത്തിൽ ലിവർപൂളിന്റെ ഒഴുക്കുള്ള കളിയെ തടഞ്ഞത് പല ഭാഗത്തു നിന്നും വീശിയ കാറ്റായിരുന്നു. അതു കൊണ്ടു തന്നെ പന്ത് വായുവിലായിരുന്നു കൂടുതൽ സമയവും.” ക്ലോപ്പ് മത്സരശേഷം മാധ്യമങ്ങളോടു പറഞ്ഞു.

ഇതാദ്യമായല്ല ക്ളോപ്പ് മത്സരത്തിലെ മോശം ഫലത്തെ പ്രതിരോധിക്കാൻ കാറ്റിനെ പഴിക്കുന്നത്. ജനുവരിയിൽ നടന്ന എഫ്എ കപ്പ് മത്സരത്തിൽ വോൾവ്സിനോടു രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങിയപ്പോഴും ജർമൻ പരിശീലകൻ കാറ്റിനെ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ സമനില വഴങ്ങിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്കു പരിക്കേറ്റതു തന്റെ ടീമിന്റെ പ്രകടനത്തെ ബാധിച്ചുവെന്ന ക്ലോപ്പിന്റെ വിചിത്ര വാദവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

COPYRIGHT WARNNING !