ഈ സീസണിനു ശേഷം ടീം വിടുന്ന വെയ്ൽസ് താരം ആരോൺ റാംസിക്കു പകരക്കാരനായി ബ്രസീലിന്റെ പതിനേഴുകാരൻ താരത്തെ ടീമിലെത്തിക്കാൻ ആഴ്സനൽ ഒരുങ്ങുന്നു. മുൻ കൊറിന്ത്യൻസ് താരവും ഇത്വാനോ അക്കാദമി കളിക്കാരനുമായ ഗബ്രിയേൽ മാർട്ടിനെല്ലിയെയാണ് പീരങ്കിപ്പട നോട്ടമിടുന്നത്. ഈ സീസണിനു ശേഷം താരം ലണ്ടൻ ക്ലബിലേക്കു ചേക്കേറുമെന്ന് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം റിപ്പോർട്ടു ചെയ്യുന്നു. നാലു ദശലക്ഷം യൂറോക്കാണ് താരത്തെ ടീമിലെത്തിക്കാൻ ആഴ്സനൽ ഒരുങ്ങുന്നത്.

2017ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ട്രയലിനെത്തിയതോടെയാണ് മാർട്ടിനെല്ലി യൂറോപ്പിലെ ശ്രദ്ധാകേന്ദ്രമാകുന്നത്. അതിനു പിന്നാലെ ബാഴ്സലോണയിലും താരം ട്രയൽസിനെത്തിയിരുന്നു. ജൂണിൽ പതിനെട്ടു വയസു പൂർത്തിയാകുന്ന താരം ഇറ്റാലിയൻ പാസ്പോർട് ലഭിക്കാൻ അർഹനാണെന്നതു കൂടിയാണ് ആഴ്സനലിനു താൽപര്യമേറാൻ കാരണം. ഇറ്റാലിയൻ പാസ്പോർട് ലഭിച്ചാൽ യൂറോപ്യൻ യൂണിയൻ വർക് പെർമിറ്റു കിട്ടാൻ താരത്തിന് എളുപ്പമായിരിക്കും.

ഈ സീസണോടെ ആഴ്സനലുമായുള്ള കരാർ അവസാനിക്കുന്ന റാംസി യുവന്റസിലേക്കാണു ചേക്കേറുന്നത്. പ്രതിഫലത്തെ ചൊല്ലിയുള്ള പ്രശ്നങ്ങളാണ് താരത്തെ പത്തു വർഷത്തെ ആഴ്സനൽ കരിയറുപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. പണത്തിന്റെ അപര്യാപ്തത മൂലം ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ വേണ്ടത്ര താരങ്ങളെ സ്വന്തമാക്കാൻ കഴിയാതിരുന്ന ആഴ്സനൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.

COPYRIGHT WARNNING !