ഡിബാല, ഇകാർഡി തുടങ്ങി ലോക ഫുട്ബോളിലെ വിലപിടിച്ച യുവതാരങ്ങൾ നിരവധിയുണ്ടായിട്ടും ഇറ്റാലിയൻ ലീഗിൽ ഗോളടിച്ചു കൂട്ടുന്നത് വയസന്മാർ. ഈ ആഴ്ചയിലെ സീരി എ പോരാട്ടങ്ങൾ കഴിഞ്ഞപ്പോൾ ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് മുപ്പത്തിനാലുകാരനായ റൊണാൾഡോയും മുപ്പത്തിയാറുകാരനായ സാംപ്ദോറിയ താരം ക്വാഗ്ലിയാറെല്ലയുമാണ്. പത്തൊൻപതു ഗോളുകളാണ് ഇരുവരും ഇതുവരെ നേടിയിരിക്കുന്നത്. പതിനെട്ടു ഗോളുകളോടെ മൂന്നാം സ്ഥാനത്തുള്ള ഇരുപത്തിമൂന്നുകാരനായ എസി മിലാൻ താരം പിയാടെകും പതിനാറു ഗോളുകൾ നേടിയ ഇരുപത്തിയേഴുകാരനായ അറ്റ്ലാന്റ താരം സപ്പട്ടയുമാണ് ഇതിനൊരു അപവാദമെന്നു പറയാവുന്നത്.

റയലിൽ നിന്നും ഈ സീസണിൽ യുവന്റസിലെത്തിയ റൊണാൾഡോക്ക് പ്രതിരോധത്തിലൂന്നി കളിക്കുന്ന ഇറ്റാലിയൻ ലീഗ് എളുപ്പം വഴങ്ങില്ലെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും അതിനെ കാറ്റിൽ പറത്തിയാണ് താരം ഗോളുകൾ അടിച്ചു കൂട്ടുന്നത്. എന്നാൽ പരിക്കിന്റെ പ്രശ്നങ്ങൾ ചെറുതായി അലട്ടുന്ന താരത്തിന് കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി തന്റെ യഥാർത്ഥ ഫോം കണ്ടെത്താൻ കഴിയുന്നില്ല. അതേ സമയം 1999 മുതൽ ഇറ്റലിയിൽ കളിക്കുന്ന ക്വാഗ്ലിയാറെല്ലയുടെ മിന്നുന്ന ഫോം ആതിശയം തന്നെയാണ്. താരത്തിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ആറാം സ്ഥാനത്തുള്ള ലാസിയോയുമായി രണ്ടു പോയിന്റ് മാത്രം പിന്നിൽ ഒൻപതാം സ്ഥാനത്താണ് സാംപ്ദോറിയ.

ഈയാഴ്ചത്തെ മത്സരങ്ങൾക്കു മുൻപ് മൂന്നാം സ്ഥാനത്തായിരുന്ന ക്വാഗ്ലിയാറെല്ല എസ്പിഎഎല്ലിനെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ് ടോപ് സ്കോറർമാരിൽ ഒന്നാമതെത്തിയത്. ഗോൾവേട്ടയിൽ ക്വാഗ്ലിയാറെല്ലക്കൊപ്പമുള്ള റൊണാൾഡോ അസിസ്റ്റ് നേട്ടത്തിലും ആദ്യ സ്ഥാനത്തുണ്ട്. സ്പാനിഷ് താരം സുസോക്കൊപ്പം എട്ട് അസിസ്റ്റുകളുമായി രണ്ടാം സ്ഥാനത്താണ് പോർച്ചുഗൽ താരം.

COPYRIGHT WARNNING !