ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ ടീമുകളായ ആഴ്സനലിന്റെയും ലൈസ്റ്റർ സിറ്റിയുടെയും യൂത്ത് ടീമുകൾ ഇന്ന് ഇന്ത്യൻ മണ്ണിൽ കളിക്കാനിറങ്ങുന്നു. പ്രഥമ പ്രീമിയർ ലീഗ്- ഇന്ത്യൻ സൂപ്പർ ലീഗ് യൂത്ത് ഗെയിമിന്റെ ഭാഗമായാണ് ഇരു ടീമുകളും ഇന്ത്യയിലെത്തിയത്‌. ഇന്നും നാളെയും നടക്കുന്ന മത്സരങ്ങളിൽ അവർ ഐഎസ്എൽ ക്ലബായ മുംബൈ സിറ്റി എഫ്സിയേയും റിലയൻസ് ഫൗണ്ടേഷൻ യങ്ങ് ചാംപ്സിനെയും നേരിടും. നവി മുംബെയിലെ റിലയൻസ് കോർപറേറ്റ് പാർക്കിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്.

യൂത്ത് ഗെയിമിൽ ഇന്ന് രണ്ടു മത്സരങ്ങളാണു നടക്കുന്നത്. ആദ്യ മത്സരത്തിൽ 5.30ന് ലൈസ്റ്റർ സിറ്റി മുംബൈ സിറ്റിയെ നേരിടും. ഏഴു മണിക്കു നടക്കുന്ന പോരാട്ടം ആഴ്സനലും റിലയൻസ് ഫൗണ്ടേഷൻ യങ്ങ് ചാംപ്സും തമ്മിലാണ്. നാളെ രാവിലെയും വൈകുന്നേരവുമായി നാലു മത്സരങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഒൻപതു മണിക്കു നടക്കുന്ന മത്സരം ആഴ്സനലും മുംബൈ സിറ്റിയും തമ്മിലും 10.15നു നടക്കുന്ന മത്സരം ലൈസ്റ്ററും റിലയൻസ് ഫൗണ്ടേഷൻ യങ്ങ് ചാംപ്സും തമ്മിലുമാണ്. വൈകുന്നേരം 5.15ന് മുംബൈ സിറ്റിയും റിലയൻസ് ഫൗണ്ടേഷൻ യങ്ങ് ചാംപ്സും തമ്മിലും ഏഴു മണിക്ക് ആഴ്സനലും ലൈസ്റ്റർ സിറ്റിയും തമ്മിലും മത്സരമുണ്ട്. മത്സരങ്ങളുടെ സംപ്രേക്ഷണം ഫേസ്ബുക്കിലും ജിയോ ടിവിയിലും ലഭ്യമാണ്.

പ്രീമിയർ ലീഗ് ജേതാക്കളായ രണ്ടു ടീമുകളുടെ യുവനിര ഇന്ത്യയിൽ കളിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയിലേക്കുള്ള ചവിട്ടു പടിയാണ്. ഇന്ത്യയിൽ ഫുട്ബോളിനുള്ള വിപണി സാധ്യത യൂറോപ്യൻ ക്ലബുകൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളായ സിറ്റി ഗ്രൂപ്പ് ഇന്ത്യയിലെ ഫുട്ബോൾ ക്ലബിനെ വാങ്ങുമെന്ന് നിലവിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്.

COPYRIGHT WARNNING !