ആത്മവിശ്വാസത്തിന്റെ ആൾരൂപമാണ് ക്രിസ്ത്യാനോ റൊണാൾഡോ. മൈതാനത്തെ താരത്തിന്റെ ശരീര ഭാഷയിൽ നിന്നു തന്നെ അതു മനസിലാക്കാൻ കഴിയും. ഒരു വിജയിയുടെ മനോഭാവം എന്തായിരിക്കണമെന്ന് സീരി എയിലെ കഴിഞ്ഞ മത്സരത്തിൽ താരം കാണിച്ചു തരുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. നാപോളിക്കെതിരായ മത്സരത്തിലാണ് പരിശീലകൻ അല്ലെഗ്രിയുടെ തന്ത്രങ്ങളെ വരെ ചോദ്യം ചെയ്ത് നിർദ്ദേശങ്ങൾ നൽകുന്ന റൊണാൾഡോയെ കാണാൻ കഴിഞ്ഞത്.

മത്സരത്തിൽ യുവന്റസിന്റെയും നാപോളിയുടെയും രണ്ടു താരങ്ങൾ ചുവപ്പുകാർഡു കണ്ടു പുറത്തായതിനാൽ പത്തു പേരുമായാണ് ഇരു ടീമുകളും കളിച്ചിരുന്നത്. പന്തു കൈവശം വച്ച് നിരന്തരം ആക്രമിച്ചു കളിച്ച നാപോളിക്കു മേൽ നിരന്തരം സമ്മർദ്ദം ചെലുത്തി പന്തു കൈക്കലാക്കാൻ ശ്രമം നടത്തുന്നതിനു പകരം ആക്രമണങ്ങളെ പ്രതിരോധിക്കുക മാത്രമാണ് യുവന്റസ് താരങ്ങൾ ചെയ്തിരുന്നത്. മുന്നേറ്റനിരയിൽ ഒറ്റക്കു പ്രസ് ചെയ്തു ക്ഷമ കെട്ട റൊണാൾഡോ അല്ലെഗ്രിയോടു പ്രതിഷേധിക്കുന്നതും മത്സരത്തിനിടെ താരങ്ങൾക്കു നിർദ്ദേശം നൽകുന്നതും കാണാമായിരുന്നു. വിജയത്തിൽ കുറഞ്ഞ ഒന്നു കൊണ്ടും തൃപ്തനല്ലാത്ത ഒരു ചാമ്പ്യന്റെ മനോഭാവമാണ് റൊണാൾഡോ പ്രകടമാക്കിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ റൊണാൾഡോയെ വീഴ്ത്തിയതിന് നാപോളി കീപ്പർ മേററ്റും രണ്ടാം പകുതിയിൽ യുവന്റസ് മധ്യനിര താരം പ്യാനിച്ചുമാണ് ചുവപ്പുകാർഡ് കണ്ടു പുറത്തായത്. ആദ്യ പകുതിയിൽ ഒരാൾ കൂടുതലുള്ളതിന്റെ ആനുകൂല്യത്തിൽ കളിച്ച യുവൻറസ് രണ്ടു ഗോൾ നേടി 2-1ന് മത്സരം വിജയിച്ചു. എന്നാൽ തന്റെ ടീമിന്റെ പ്രകടനം തീരെ തൃപ്തികരമായിരുന്നില്ലെന്നാണ് മത്സരത്തിനു ശേഷം പരിശീലകൻ അല്ലെഗ്രി അഭിപ്രായപ്പെട്ടത്. നിലവിൽ രണ്ടാം സ്ഥാനത്തുള്ള നാപോളിയേക്കാൾ പതിനാറു പോയിന്റ് മുൻപിലാണ് യുവന്റസ്.

COPYRIGHT WARNNING !