യുവന്റസ് വിട്ട് പിഎസ്ജിയിലേക്കു ചേക്കേറുന്നതിനു മുൻപ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ വമ്പൻ വാഗ്ദാനം താൻ നിരസിച്ചിരുന്നുവെന്നു വെളിപ്പെടുത്തി ഇറ്റാലിയൻ ഗോൾകീപ്പർ ബുഫൺ. പതിനേഴു വർഷത്തെ യുവന്റസ് കരിയർ അവസാനിപ്പിച്ച് കഴിഞ്ഞ സമ്മറിലാണ് ബുഫൺ ഫ്രഞ്ച് ജേതാക്കൾക്കൊപ്പം ചേരുന്നത്. കരിയറിന്റെ ആദ്യ കാലഘട്ടങ്ങളിൽ അലക്സ് ഫെർഗൂസൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുന്നതിനു വേണ്ടി ബുഫണെ ക്ഷണിച്ചപ്പോഴും താരം അതു നിഷേധിച്ചിരുന്നു. അതിനു പുറമേയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വമ്പൻ വാഗ്ദാനം താൻ നിരസിച്ച കാര്യവും താരം വെളിപ്പെടുത്തിയത്.

”പാർമയിലായിരുന്ന സമയത്ത് ഫെർഗൂസൻ എന്നെ എപ്പോഴും പിന്തുടർന്നിരുന്നു. നിരവധി മത്സരങ്ങളിൽ എന്നെ നിരീക്ഷിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്കൗട്ടുകൾ എത്തിയിരുന്നു. എന്നാൽ ആ സമയത്ത് പാർമ വിടുന്നത് എനിക്കുചിതമായി തോന്നിയില്ല. അതിനു ശേഷം ഷേഖ് മൻസൂർ മാഞ്ചസ്റ്റർ സിറ്റിയെ ഏറ്റെടുത്തപ്പോൾ അവർ എന്നെ കൂറ്റൻ ഓഫറുമായി സമീപിച്ചിരുന്നു. പുതിയൊരു ശൈലിയിൽ ടീമിനെ ഒരുക്കാൻ ശ്രമിക്കുന്ന അവരുടെ ആദ്യത്തെ ലക്ഷ്യം ഞാനായിരുന്നു. എന്നാൽ യുവന്റസിൽ തുടരാൻ ആ വാഗ്ദാനം ഞാൻ നിഷേധിക്കുകയായിരുന്നു.” ബിടി സ്പോർട്സിനോട് ബുഫൺ പറഞ്ഞു.

നാൽപത്തിയൊന്നു വയസായിട്ടും മികച്ച ഫോമിൽ കളിക്കുന്ന ബുഫൺ 509 മത്സരങ്ങൾ യുവന്റസിൽ പൂർത്തിയാക്കിയിട്ടുണ്ട്. ലോകകപ്പും ഇറ്റാലിയൻ ലീഗിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയിട്ടുള്ള താരത്തിന് ചാമ്പ്യൻസ് ലീഗ് മാത്രമാണ് ഇപ്പോഴും ഒരു സ്വപ്നമായി അവശേഷിക്കുന്നത്. ഇത്തവണ പിഎസ്ജിക്കൊപ്പം അതു നേടാമെന്ന പ്രതീക്ഷയിലാണ് താരം. വിരമിക്കുന്ന കാര്യത്തെ പറ്റി താൻ ചിന്തിച്ചിട്ടില്ലെന്നാണ് ഇപ്പോഴും ബുഫന്റെ നിലപാട്.

COPYRIGHT WARNNING !