സമകാലിക ഫുട്ബോളിലെ ഏറ്റവും മാന്യതയുള്ള താരമാണു എൻഗാളോ കാണ്ടെ. ചെൽസിയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായിട്ടും വളരെ ലാളിത്യം നിറഞ്ഞ ജീവിതം നയിക്കുന്ന താരം തന്റെ പെരുമാറ്റം കൊണ്ട് പല തവണ ആരാധകരുടെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. ആരാധകരോടും എതിർതാരങ്ങളോടും വളരെ സൗഹാർദ്ദപരമായി ഇടപെടുന്ന താരത്തിന്റെ സ്വഭാവമഹിമ കാണിച്ചു തരുന്ന മറ്റൊരു സംഭവം കഴിഞ്ഞ വാരാന്ത്യം നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ നടക്കുകയുണ്ടായി. ഫുൾഹാമിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ എതിർ താരത്തിനു പരിക്കേറ്റതു കൊണ്ട് കളി നിർത്തിവെക്കാനാവശ്യപ്പെടുന്ന കാണ്ടെയുടെ ചിത്രമാണ് ഇപ്പോൾ ആരാധകർക്കിടയിലും സാമൂഹ്യ മാധ്യമങ്ങളിലും തരംഗമാവുന്നത്.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ചെൽസി 2-1നു മുന്നിട്ടു നിൽക്കുമ്പോഴാണ് സംഭവം നടന്നത്. താനുമായി കൂട്ടിയിടിച്ചു വീണ ഫുൾഹാം താരം ജോ ബ്രയാനെ കളി നിർത്തി വച്ചു പരിശോധിക്കാൻ കാണ്ടെ റഫറിയോട് ആവശ്യപ്പെടുകയായിരുന്നു. ചെൽസിക്ക് മറ്റൊരു ഗോൾ കൂടി നേടാൻ അനുകൂല സാഹചര്യമുള്ളപ്പോഴാണ് കാണ്ടെ റഫറിയോടു കളി നിർത്തി വക്കാനാവശ്യപ്പെട്ടത്. ബ്രയന്റെ പരിക്കു സാരമുള്ളതായിരുന്നില്ലെങ്കിലും മത്സരത്തിനു ശേഷം ആരാധകർ ഫ്രഞ്ച് താരത്തിന്റെ പ്രവൃത്തിയെ പ്രശംസ കൊണ്ടു മൂടുകയായിരുന്നു.

അതേ സമയം കളിക്കളത്തിലും പുറത്തും മാന്യതക്കു പേരുകേട്ട കാണ്ടെ അലസതയുടെ കാര്യത്തിൽ മുൻപന്തിയിലാണെന്നതാണ് മറ്റൊരു രസം. എന്നും പരിശീലനത്തിനും മറ്റും വൈകി വരുന്ന കാണ്ടെയാണ് ചെൽസിയിൽ ഏറ്റവുമധികം പിഴയടക്കുന്ന താരമെന്ന് സഹതാരം ഹുഡ്സൻ ഒഡോയി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ തന്റെ നിഷ്കളങ്കമായ ചിരി കൊണ്ട് താരം ആ തെറ്റുകളെ ഇല്ലാതാക്കുമെന്നും ഒഡോയി പറയുന്നു.

COPYRIGHT WARNNING !