ഇന്റർ മിലാൻ താരമായ ഇകാർഡിയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. ഇറ്റാലിയൻ ക്ലബുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം നിലവിൽ ടീമിനു പുറത്തിരിക്കുന്ന താരത്തിന്റെ അടുത്ത ലക്ഷ്യം റയലായിരിക്കുമെന്നതിന്റെ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. അർജൻറീനിയൻ താരത്തിന്റെ ഭാര്യയും ഏജന്റുമായ വാൻഡ ഇകാർഡി റയൽ മാഡ്രിഡിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടരാൻ ആരംഭിച്ചുവെന്ന വാർത്തയാണ് റയലിലേക്കുള്ള താരത്തിന്റെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് ഇംഗ്ലീഷ് മാധ്യമം ‘മിറർ’ റിപ്പോർട്ടു ചെയ്യുന്നു.

കഴിഞ്ഞ കുറച്ചു ട്രാൻസ്ഫർ ജാലകങ്ങളിലായി റയൽ പ്രധാനമായും ലക്ഷ്യം വച്ച താരമാണ് ഇകാർഡി. എന്നാൽ ഇന്റർ മിലാൻ നായകനായ താരം ടീം വിട്ടു വരാൻ തയ്യാറായിരുന്നില്ല. എന്നാൽ നിലവിൽ ടീമുമായി അകൽച്ചയിലായ താരത്തെ സ്വന്തം പാളയത്തിലെത്തിക്കാൻ റയലിന് അധികം ബുദ്ധിമുട്ടേണ്ടി വരില്ല. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇകാർഡി ഇന്ററുമായി അകലാൻ കാരണമായതെന്നാണ് സൂചനകൾ. നൂറു ദശലക്ഷം യൂറോ വരെ താരത്തിനായി മുടക്കാൻ റയൽ തയ്യാറുമാണ്. സീരി എയിൽ കഴിഞ്ഞ കുറേ സീസണുകളിലായി സ്ഥിരതയോടെ കളിക്കുന്ന താരം മോശം ഫോമിലുള്ള ബെൻസിമയെ വെല്ലുന്ന പകരക്കാരനാവുകയും ചെയ്യും.

അതേ സമയം മാഞ്ചസ്റ്റർ യുണൈറ്റഡും ഇകാർഡിയെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് സൂചനകളുണ്ടായിരുന്നു. ലുക്കാക്കുവിനെ പകരം നൽകിയുള്ള കരാറാണു യുണൈറ്റഡ് ഉന്നം വക്കുന്നതെന്നായിരുന്നു വാർത്തകളുണ്ടായിരുന്നത്. എന്നാൽ ബെൽജിയൻ താരം മികച്ച ഫോമിൽ കളിക്കുന്നതു മൂലം യുണൈറ്റഡ് അതിനു പ്രാധാന്യം നൽകാൻ സാധ്യതയില്ല.

COPYRIGHT WARNNING !