ജൂണിൽ നടന്ന ലോകകപ്പിൽ നിന്നും ഫ്രാൻസിനോടു തോറ്റു പുറത്തായതിനു ശേഷം അർജൻറീനക്കു വേണ്ടി ഒരിക്കൽ പോലും മെസി കളത്തിലിറങ്ങിയിട്ടില്ല. താരം ദേശീയ ടീം ജേഴ്സിയിൽ തിരിച്ചെത്തുന്നതും കാത്തിരിക്കുന്നവർക്ക് ആശ്വാസമായാണ് ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ മെസി ഇടം പിടിച്ചത്. വെനസ്വലക്കും മൊറോക്കോക്കുമെതിരെയാണ് ഈ മാസാവസാനം അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്. മൊറോക്കോക്കെതിരായ മത്സരത്തിൽ മെസി കളിക്കാനിറങ്ങാൻ അർജൻറീന ഫുട്ബോൾ ഫെഡറേഷൻ മുന്നോട്ടു വച്ച വിചിത്ര നിയമങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. മൊറോക്കൻ ചാനലായ അൽ അഖ്ബറാണ് ഈ വാർത്ത പുറത്തു വിട്ടത്.

മത്സരത്തിനു ശേഷം മെസിയുടെ ചിത്രങ്ങൾ ഫോട്ടോഗ്രാഫേഴ്സ് പകർത്തരുത്, മെസിക്കൊപ്പം മൊറോക്കൻ താരങ്ങൾ സെൽഫിയെടുക്കരുത്, മത്സരത്തിനു ശേഷം മെസിയുടെ ഇന്റർവ്യൂ എടുക്കരുത് എന്നീ നിയമങ്ങളെല്ലാം ഉടമ്പടിയിലുണ്ട്. എന്നാൽ അതിനേക്കാൾ വിചിത്രമായത് മെസിയെ മത്സരത്തിൽ മൊറോക്കൻ താരങ്ങൾ ഫൗൾ ചെയ്യരുതെന്ന ഉടമ്പടിയാണ്. മത്സരത്തിനിടയിൽ മെസിയെ മൃദുവായി ടാക്കിൾ ചെയ്യാൻ മാത്രമേ മൊറോക്കൻ താരങ്ങൾക്ക് അനുവാദമുള്ളു. കടുത്ത ടാക്കിളുകൾ ഒഴിവാക്കണമെന്ന കർശന നിർദ്ദേശം മൊറോക്കൻ ഫുട്ബോൾ ഫെഡറേഷന് എഎഫ്എ നൽകിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ മത്സരത്തിൽ മെസി സർവ്വസ്വതന്ത്രനായിരിക്കുമെന്നർത്ഥം.

സീസണിൽ ബാഴ്സക്കൊപ്പം നിരവധി മത്സരങ്ങൾ ബാക്കിയുള്ള മെസിക്ക് പരിക്കു പറ്റാതിരിക്കാനാണ് ഇത്തരമൊരു ഉടമ്പടിയെന്നാണ് സൂചനകൾ. എന്നാൽ കോപ അമേരിക്കക്കാരുങ്ങുന്ന അർജന്റീന ടീമിനൊപ്പം സർവ്വ സ്വാതന്ത്ര്യത്തോടെ മെസി കളിച്ചതു കൊണ്ട് എന്തു ഗുണമെന്നും ആരാധകർ ചോദിക്കുന്നുണ്ട്. അതേ സമയം മത്സരത്തിൽ മെസി അറുപതു മിനുട്ടെങ്കിലും കളിക്കണമെന്ന ആവശ്യം മാത്രമാണ് മൊറോക്കൻ ഫുട്ബോൾ ഫെഡറേഷൻ അർജൻറീനയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

COPYRIGHT WARNNING !