അയാക്സിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം ഡ്രസിംഗ് റൂമിൽ വച്ച് റയൽ നായകൻ റാമോസും ക്ലബ് പ്രസിഡന്റ് ഫ്ളോറൻറീനോ പെരസും തമ്മിൽ കടുത്ത വാഗ്വാദമുണ്ടായതായി റിപ്പോർട്ടുകൾ. മാഡ്രിഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രമുഖ മാധ്യമമായ മാർക്ക ഉൾപ്പെടെയുള്ള സ്പാനിഷ് മീഡിയകളാണ് ഇക്കാര്യം പുറത്തു വിട്ടത്. പ്രീ ക്വാർട്ടറിലെ തോൽവിക്കു കാരണം കളിക്കാരുടെ മോശം പ്രകടനമാണെന്ന പെരസിന്റെ വാദമാണ് മത്സരത്തിൽ സസ്പെൻഷൻ മൂലം കളിക്കാതിരുന്ന റാമോസിനെ ചൊടിപ്പിച്ചത്.

ടീമിന്റെ മോശം പ്രകടനത്തിനു പെരസ് കളിക്കാരെ പഴിച്ചപ്പോൾ റയൽ മാഡ്രിഡ് നേതൃത്വവും അതിനു കാരണക്കാരാണെന്ന് റാമോസ് തുറന്നടിക്കുകയായിരുന്നു. ജനുവരിയിൽ ഒരു മികച്ച സ്ട്രൈക്കറെ സ്വന്തമാക്കാൻ ആവശ്യപ്പെട്ടിട്ടും അതിനു പെരസ് തയ്യാറാവാതിരുന്നതും ടീം താഴേക്കു പതിക്കാൻ കാരണമായെന്നും റാമോസ് പറഞ്ഞു. റാമോസിനെ ക്ലബിൽ നിന്നും പുറത്താക്കുമെന്ന് പെരസ് പറഞ്ഞതായും കരാറിലെ ബാക്കി തുക നൽകിയാൽ ടീം വിട്ടു പോവാൻ താനൊരുക്കമാണെന്ന് അതിനു റാമോസ് മറുപടി നൽകിയെന്നും മാർക്ക വെളിപ്പെടുത്തി. ടീമിലെ മുഴുവൻ താരങ്ങളുടെയും സ്റ്റാഫിന്റെയും മുന്നിൽ വെച്ചാണ് ഇരുവരുടെയും വാക്കേറ്റമുണ്ടായത്.

റയലിൽ വലിയ പ്രശ്നങ്ങൾ പുകയുന്നുണ്ടെന്ന സൂചനകളാണ് ഈ വാർത്തയിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. തനിക്കു മുകളിൽ പറക്കുന്ന ആരേയും വാഴിക്കാത്ത പ്രസിഡൻറാണ് പെരസ്. ഈ സീസണു ശേഷം റയലിൽ നിന്നും നിരവധി താരങ്ങൾ പുറത്തു പോകുമെന്ന സൂചനകൾ നിലനിൽക്കെ ക്ലബിന്റെ മുഖമായ ക്യാപ്റ്റൻ റാമോസും അതിലുൾപ്പെടുമോയെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ആശങ്ക.

COPYRIGHT WARNNING !