അർജൻറീന താരം ഇകാർഡിയും ഇന്റർമിലാനും തമ്മിലുള്ള പ്രശ്നം പുതിയ തലങ്ങളിലേക്ക്. പരിക്കു പൂർണമായി ഭേദമായെങ്കിലും ഇന്റർ മിലാനു വേണ്ടി എപ്പോൾ കളിക്കാനിറങ്ങണമെന്ന കാര്യം താൻ സ്വയം തീരുമാനിക്കുമെന്ന നിലപാടിലാണ് ഇകാർഡിയെന്ന് പരിശീലകൻ സ്പല്ലറ്റി പറഞ്ഞു. യൂറോപ്പ ലീഗിൽ ഫ്രാങ്ക്ഫർടിനെതിരായ മത്സരത്തിനു മുൻപാണ് പരിശീലകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. കാൽപാദത്തിനു പരിക്കേറ്റെന്ന കാരണം പറഞ്ഞ് കഴിഞ്ഞ മാസം മുതൽ വിശ്രമത്തിലാണ് ഇകാർഡി. എന്നാൽ താരത്തിനു പരിക്കൊന്നുമില്ലെന്നാണ് ഇന്റർ മിലാന്റെ ഡോക്ടർമാർ പറയുന്നത്.

“ഇകാർഡിയോടു പരിശീലനം പുനരാരംഭിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. താരത്തിന്റെ പരിക്കു മാറാൻ വേണ്ടത്ര വിശ്രമം ലഭിച്ചുവെന്നും ഇപ്പോൾ ഒരു കുഴപ്പവുമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ തനിക്കിപ്പോഴും വേദന അനുഭവപ്പെടുന്നുണ്ടെന്നും കളിക്കാൻ തയ്യാറായാൽ അറിയിക്കാമെന്നുമാണ് ഇകാർഡിയുടെ നിലപാട്. ടീമിനൊപ്പം പരിശീലനം നടത്താതെ താരം വീട്ടിലേക്കു മടങ്ങുകയും ചെയ്തു.” സ്പല്ലറ്റി പറഞ്ഞു.

ഇന്ററും ഇകാർഡിയും തമ്മിലുള്ള പ്രശ്നത്തിന്റെ കാരണം ഇതു വരെയും വ്യക്തമല്ല. ഇന്റർ നായക സ്ഥാനത്തു നിന്നും ഒഴിവാക്കിയതിനു ശേഷം ഒരു മത്സരം പോലും താരം കളിച്ചിട്ടില്ല. ടീം വിടണമെന്ന ആവശ്യം അംഗീകരിക്കാത്തതാണു ഇകാർഡിയുടെ പ്രശ്നമെന്നും അതല്ല, പരിശീലകൻ സ്പല്ലറ്റിയുമായുള്ള അഭിപ്രായ വ്യത്യാസമാണു കാരണമെന്നും സൂചനകളുണ്ട്. താരവുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇൻറർ നേതൃത്വം കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ഇതു വരെയും അക്കാര്യത്തിൽ പുരോഗമനമുണ്ടായിട്ടില്ല.

2021 വരെ ഇന്റർ മിലാനുമായി കരാറുള്ള താരത്തിനു വേണ്ടി റയൽ മാഡ്രിഡ്, യുവന്റസ്, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളെല്ലാം രംഗത്തുണ്ട്. 110 ദശലക്ഷം യൂറോ റിലീസിങ്ങ് തുകയായി നിശ്ചയിക്കപ്പെട്ടിട്ടുള്ള താരം അടുത്ത സീസണിൽ റയലിലെത്താനാണു സാധ്യത കൂടുതൽ. നിലവിലെ പ്രശ്നങ്ങൾ മൂലം അർജന്റീന സ്ക്വാഡിൽ നിന്നും താരം പുറത്താക്കപ്പെട്ടിരുന്നു.

COPYRIGHT WARNNING !