ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മാഡ്രിഡുമായുള്ള നിർണായക മത്സരത്തെ മുന്നിൽ കണ്ട് പ്രമുഖ താരങ്ങൾക്കു വിശ്രമം അനുവദിച്ച് സീരി എ മത്സരത്തിനിറങ്ങിയ യുവന്റസിന് തകർപ്പൻ ജയം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഉഡിനസിനെ യുവന്റസ് തകർത്തു വിട്ടത്. സൂപ്പർ താരം റൊണാൾഡോയുടെ പകരക്കാരനായി മുന്നേറ്റനിരയിൽ ഇറങ്ങിയ പത്തൊൻപതുകാരനായ ഇറ്റാലിയൻ താരം മോയ്സ് കീനിന്റെ ദിവസമായിരുന്നു ഇന്നലെ. രണ്ടു ഗോളുകൾ താരം നേടി. എമ്റേ ചാൻ പെനാൽട്ടിയിലൂടെ മൂന്നാം ഗോൾ നേടിയപ്പോൾ ബ്ലെയ്സ് മാറ്റ്യൂഡിയാണ് നാലാമതു വല ചലിപ്പിച്ചത്. ഉഡിനസിന്റെ ആശ്വാസ ഗോൾ ലസാഗ്നയുടെ വകയായിരുന്നു.

മത്സരത്തിൽ പൂർണമായും ആധിപത്യം സ്ഥാപിച്ച യുവന്റസ് പതിനൊന്നാം മിനുട്ടിൽ തന്നെ ലീഡെടുത്തു. അലക്സ് സാൻഡ്രോയുടെ ക്രോസിനു കാൽ വെച്ചാണ് ഈ സീസണിലെ ആദ്യ ഗോൾ കീൻ നേടിയത്. മുപ്പത്തിയൊൻപതാം മിനുട്ടിൽ താരം വീണ്ടും വല കുലുക്കി. മധ്യവരക്കടുത്തു നിന്നും പന്തുമായി കുതിച്ച താരത്തിന്റെ ഇടം കാൽ ഷോട്ട് നേരിയ ഡിഫ്ലക്ഷന്റെ ആനുകൂല്യത്തിൽ വലക്കകത്തു കയറുകയായിരുന്നു. രണ്ടാം പകുതിയിൽ കീനിനെ ബോക്സിനകത്തു വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി തന്നെയാണ് ചാൻ ലക്ഷ്യത്തിലെത്തിച്ചത്. എഴുപത്തിയൊന്നാം മിനുട്ടിൽ റോഡ്രിഗോ ബെൻറാംഗറിന്റെ പെർഫക്ട് ക്രോസ് തകർപ്പൻ ഹെഡറിലൂടെ വലയിലെത്തിച്ച് യുവന്റസ് പട്ടിക പൂർത്തിയാക്കുകയും ചെയ്തു.

മത്സരത്തിൽ വിജയം നേടിയതോടെ രണ്ടാം സ്ഥാനത്തുള്ള നാപോളിയുമായി പത്തൊൻപതുപോയിന്റ് വ്യത്യാസത്തിലാണ് യുവന്റസ് ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. ലീഗ് കിരീടം ഉറപ്പിച്ച യുവന്റസിന് ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോയെ നേരിടാനിറങ്ങുന്നതിനു മുൻപ് ആത്മവിശ്വാസം പകരുന്ന വിജയമായിരുന്നു ഇന്നലത്തേത്. ആദ്യ പാദത്തിൽ രണ്ടു ഗോളുകൾക്കു തോറ്റ യുവന്റസിന് മൂന്നു ഗോളുകളുടെ വ്യത്യാസത്തിലെങ്കിലും ജയിച്ചാലെ ക്വാർട്ടർ ഫൈനൽ സാധ്യതയുള്ളു. പ്രതിരോധപൂട്ടിനു പേരു കേട്ട അത്ലറ്റികോക്കെതിരെ റൊണാൾഡോ അടക്കമുള്ള താരങ്ങളുടെ ഇറ്റാലിയൻ ക്ലബിന് അതിനു കഴിയുമെന്ന വിശ്വാസത്തിലാണ് ആരാധകർ.

COPYRIGHT WARNNING !