ഒരു സീനിയർ ടീമിന്റെ പരിശീലകനായി വെറും രണ്ടര വർഷത്തോളം മാത്രമാണ് സിദാൻ പ്രവർത്തിച്ചത്. റയൽ യൂത്ത് ടീമിൽ നിന്നും സീനിയർ ടീമിലേക്കുള്ള താരത്തിന്റെ കടന്നു വരവ് സ്പാനിഷ് ക്ലബിന് സമ്മാനിച്ചത് ചരിത്രനേട്ടമാണ്. തുടർച്ചയായി മൂന്നു ചാമ്പ്യൻസ് ലീഗും ഒരു ലാലിഗയുമുൾപ്പെടെ നിരവധി കിരീടങ്ങൾ റയലിനൊപ്പം സ്വന്തമാക്കിയ താരം ഇപ്പോൾ യൂറോപ്പിൽ എല്ലാ ക്ലബുകളും സ്വന്തമാക്കാനാഗ്രഹിക്കുന്ന പരിശീലകനാണ്. ഒരു വർഷത്തോളമായി പരിശീലക സ്ഥാനത്തു നിന്നും വിട്ടു നിൽക്കുന്ന താരത്തെ അടുത്ത സീസണിൽ സ്വന്തമാക്കാൻ റയൽ മാഡ്രിഡ്, ചെൽസി, പിഎസ്ജി, യുവന്റസ് എന്നീ ടീമുകളാണ് ഇപ്പോൾ ശ്രമം നടത്തുന്നത്.

തന്റെ മുൻ ക്ലബായ യുവന്റസാണ് സിദാൻ ചേക്കേറാൻ സാധ്യതയുള്ള പ്രധാന ടീം. ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടറിൽ അത്ലറ്റികോ മാഡ്രിഡിനെ മറികടക്കാൻ കഴിഞ്ഞില്ലെങ്കിൽ പരിശീലക സ്ഥാനത്തു നിന്നും ഈ സീസണോടെ അല്ലെഗ്രി പടിയിറങ്ങുമെന്നതുറപ്പാണ്. യുവന്റസുമായി മികച്ച ബന്ധമുള്ളതും ഇറ്റാലിയൻ ക്ലബിന്റെ ഫിലോസഫിയെ കുറിച്ച് നല്ല ധാരണയുള്ളതു കൊണ്ടും പകരക്കാരനായി സിദാനെ പരിഗണിക്കാൻ സാധ്യതയേറെയാണ്. സിദാൻ യുവന്റസിലെത്തിയാൽ അതു റൊണാൾഡോയുമായുളള കൂടിച്ചേരൽ കൂടിയായിരിക്കും.

മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ അവിശ്വസനീയമായി തോറ്റതോടെ ടുഷലിനെ ഒഴിവാക്കണമെന്ന ആവശ്യം പിഎസ്ജി ആരാധകർക്കിടയിൽ ഉയരുന്നുണ്ട്. സ്വന്തം രാജ്യത്തേക്ക് പരിശീലകനായി സിദാൻ മടങ്ങിയെത്തിയാൽ തന്നെ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. നെയ്മർ, എംബാപ്പെ എന്നിവരടങ്ങുന്ന വമ്പൻ താരനിരയുള്ളതു കൊണ്ടു തന്നെ പിഎസ്ജിയെ സിദാൻ പരിഗണിക്കാൻ സാധ്യതയുണ്ട്. ഇരു താരങ്ങളും മറ്റു ക്ലബുകളിലേക്കു ചേക്കേറുന്നതു തടയാനും സിദാനെ പോലൊരു പരിശീലകൻ ആവശ്യമാണ്.

ഈ സീസണിൽ ആകെ തകർന്നു പോയ റയലിന് സിദാനെ വീണ്ടും ടീമിലെത്തിക്കാൻ ആഗ്രഹമുണ്ടെങ്കിലും താരം അതിനു സമ്മതം മൂളാൻ സാധ്യത വളരെ കുറവാണ്. എന്നാൽ റയൽ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ തിരിച്ചു വരവിനാണ്. റയലുമായി മികച്ച ബന്ധം പുലർത്തുന്നതു കൊണ്ട് സിദാന്റെ തിരിച്ചു വരവിനു സമ്മതിപ്പിക്കാൻ നേതൃത്വത്തിനു കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഈ സീസണിൽ പ്രീമിയർ ലീഗിന്റെ ആദ്യ നാലു സ്ഥാനങ്ങളിലെത്താനോ യൂറോപ്പ ലീഗ് കിരീടം നേടാനോ കഴിഞ്ഞില്ലെങ്കിൽ സാറി ചെൽസി പരിശീലക സ്ഥാനത്തുണ്ടാകുമോയെന്ന കാര്യം സംശയമാണ്. സിദാനെ ടീമിലെത്തിക്കാൻ ലണ്ടൻ ക്ലബിനു താൽപര്യമുണ്ടെങ്കിലും ഫിഫയുടെ വിലക്കു മൂലം അടുത്ത രണ്ടു ട്രാൻസ്ഫർ ജാലകങ്ങളിലും ഒരു താരത്തെയും ടീമിലെത്തിക്കാനാവില്ലെന്നതു കൊണ്ട് സിദാൻ ഓഫർ സ്വീകരിക്കാൻ സാധ്യതയില്ല.

COPYRIGHT WARNNING !