ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനു മേൽ സമ്മർദ്ദമേറ്റി തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി. ഇംഗ്ലണ്ട് താരം റഹീം സ്റ്റെർലിങ്ങ് രണ്ടാം പകുതിയുടെ ആദ്യ പതിമൂന്നു മിനുട്ടിൽ മൂന്നു ഗോൾ നേടിയപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വാട്ഫോഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. ഇതോടെ ലീഗ് ടേബിളിൽ ലിവർപൂളിനേക്കാൾ നാലു പോയിന്റ് മുകളിലെത്താൻ സിറ്റിക്കു കഴിഞ്ഞു. ഇന്നു നടക്കുന്ന മത്സരത്തിൽ വിജയിക്കാനായാൽ പോയിന്റ് വ്യത്യാസം ഒന്നായി കുറക്കാമെങ്കിലും പ്രീമിയർ ലീഗ് കിരീടം നേടാൻ ലിവർപൂൾ ഒരുപാടു വിയർപ്പൊഴുക്കേണ്ടി വരുമെന്നതുറപ്പാണ്.

ഏഴോളം മാറ്റങ്ങളുമായി ഇറങ്ങിയ വാട്ഫോഡ് ആദ്യ പകുതിയിൽ സിറ്റിയെ പിടിച്ചു നിർത്തുന്നതിൽ വിജയിക്കുക തന്നെ ചെയ്തു. മത്സരത്തിൽ സിറ്റിയാണ് ആധിപത്യം പുലർത്തിയതെങ്കിലും അതു ഗോളാക്കി മാറ്റാൻ അവർക്കു കഴിഞ്ഞിരുന്നില്ല. 29ആം മിനുട്ടിൽ സെർജിയോ അഗ്യൂറോ തുലച്ച ഒരവസരം മാത്രമാണ് ആദ്യ പകുതിയിലെ ഏറ്റവും മികച്ചതെന്നു പറയാവുന്ന നീക്കം.

രണ്ടാം പകുതിയുടെ ആദ്യ മിനുട്ടിൽ വിവാദത്തിന്റെ അകമ്പടിയോടെ സിറ്റിയുടെ ആദ്യ ഗോൾ വന്നു. സ്റ്റെർലിംഗ് ഓഫ്സൈഡ് പൊസിഷനിൽ നിന്നും അഗ്യൂറോയുടെ പന്തു സ്വീകരിച്ചാണ് ഗോൾ നേടിയതെന്ന് റിപ്ലേകളിൽ വ്യക്തമായിരുന്നു. നാലു മിനുട്ടിനകം തന്നെ മഹ്റസിന്റെ പാസിൽ നിന്നും ഒരു ടാപിൻ ഫിനിഷിങ്ങിലൂടെ സ്റ്റെർലിംഗ് രണ്ടാം ഗോളും നേടി. ആദ്യ ഗോളിന്റെ വിവാദങ്ങളെ കഴുകിക്കളഞ്ഞാണ് താരം ഹാട്രിക്ക് പൂർത്തിയാക്കിയത്‌. ഡേവിഡ് സിൽവയുടെ പാസ് സ്വീകരിച്ച് ബോക്സിനുള്ളിൽ ഒരു മികച്ച റൺ നടത്തിയാണ് സ്റ്റെർലിംഗ് വല കുലുക്കിയത്. അറുപത്തിയാറാം മിനുട്ടിൽ ഒരു ഗോൾ മടക്കി മുൻ ബാഴ്സ താരം ഡെലഫു പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് സിറ്റിക്ക് ഭീഷണിയുയർത്താൻ വാട്ഫോഡിനു കഴിഞ്ഞില്ല.

COPYRIGHT WARNNING !