ചാമ്പ്യൻസ് ലീഗ് കിരീടമെന്നു മാത്രം ചിന്തിച്ച് യുവന്റസ് മുന്നോട്ടു പോകുന്നത് ടീമിനു നല്ലതല്ലെന്ന് പരിശീലകൻ അല്ലെഗ്രി. അത്ലറ്റികോ മാഡ്രിഡിനോടു ചാമ്പ്യൻസ് ലീഗ് പ്രി ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ രണ്ടു ഗോളുകൾക്കു തോറ്റ യുവന്റസിന്റെ ക്വാർട്ടർ ഫൈനൽ സാധ്യതകൾ വളരെ പരുങ്ങലിലാണ്. ക്വാർട്ടറിൽ പോലും എത്താനായില്ലെങ്കിൽ തന്റെ പരിശീലക സ്ഥാനം തെറിക്കുമെന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഇത്തരമൊരു പ്രതികരണം അല്ലെഗ്രിയുടെ ഭാഗത്തു നിന്നുമുണ്ടായതെന്നു ശ്രദ്ധേയമാണ്. ഉഡിനസിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇറ്റാലിയൻ പരിശീലകൻ.

“ഞാൻ പരിശീലനായി വന്നതിനു ശേഷം യുവന്റസ് എപ്പോഴും ചാമ്പ്യൻസ് ലീഗ് കിരീടത്തിനു പിന്നാലെയാണ്. പരിശീലകനെന്ന നിലയിൽ എനിക്കും ടീമിനും അതു സമ്മർദ്ദം നൽകിയിട്ടുണ്ട്. ഞാൻ പരിശീലകനായതിനു ശേഷം എല്ലാ സീസണിലും ടീം ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിലെത്തിയിട്ടുണ്ട്. രണ്ടു തവണ ഫൈനലിൽ തോറ്റത് കരുത്തരായ എതിരാളികൾക്കെതിരെയുമായിരുന്നു.”

”ചാമ്പ്യൻസ് ലീഗ് വിജയിക്കുകയെന്നത് എളുപ്പമല്ല. ബയേൺ മ്യൂണിക്ക് പത്തു വർഷമെടുത്താണ് കിരീടം നേടിയത്. ചെൽസി മാത്രമാണ് അതിനൊരു അപവാദം. ചാമ്പ്യൻസ് ലീഗിലെ തോൽവി ഒരു മോശം കാര്യമല്ല. തുടർച്ചയായ എട്ടാം വർഷത്തിലും സീരി എ കിരീടം സ്വന്തമാക്കാനൊരുങ്ങുന്ന ടീമാണ് യുവന്റസ്. എന്നാൽ ചാമ്പ്യൻസ് ലീഗിനോടുള്ള മോഹം ഇത്തരം നേട്ടങ്ങളെ കൂടി ചെറുതാക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നതു തന്നെ ഒരു സന്തോഷമായി കണക്കാക്കണം.” അല്ലെഗ്രി പറയുന്നു.

അല്ലെഗ്രിയുടെ വാക്കുകൾ യുവന്റസ് ആരാധകർ ഒരു തരത്തിലും അംഗീകരിക്കാനിടയില്ല. 1996നു ശേഷം നേടാനാവാത്ത ചാമ്പ്യൻസ് ലീഗ് കിരീടമെന്ന ലക്ഷ്യം വച്ചു മാത്രമാണ് റെക്കോർഡ് തുക മുടക്കി റൊണാൾഡോയെ ടീമിലെത്തിച്ചിട്ടുണ്ടാവുക. എന്തായാലും പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരം അല്ലെഗ്രിയുടെ യുവന്റസ് ഭാവിയിൽ നിർണായകമാണെന്നുറപ്പാണ്.

COPYRIGHT WARNNING !