കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെപ് ഗാർഡിയോള യുവന്റസിലേക്കു ചേക്കേറുമെന്ന വാർത്തകളായിരുന്നു യൂറോപ്യൻ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. റൊണാൾഡോയുടെ യുവന്റസ് ട്രാൻസ്ഫർ ആദ്യം റിപ്പോർട്ടു ചെയ്ത ജേർണലിസ്റ്റ് പുറത്തുവിട്ടതു കൊണ്ടു തന്നെ ഈ വാർത്തക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. യുവന്റസുമായി നാലു വർഷത്തെ കരാറിന് സ്പാനിഷ് പരിശീലകൻ സമ്മതം മൂളിയെന്നായിരുന്നു മുഖ്യധാര മാധ്യമങ്ങളെല്ലാം റിപ്പോർട്ടു ചെയ്തത്. എന്നാൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ ഇതിനെയെല്ലാം മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ നിഷേധിച്ചു.

“മാഞ്ചസ്റ്റർ സിറ്റിയുമായി രണ്ടു വർഷത്തെ കരാർ കൂടി എനിക്കു ബാക്കിയുണ്ട്. സിറ്റി പുറത്താക്കിയാലല്ലാതെ അതിനു മുൻപ് ഇവിടം വിടുകയെന്നത് ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ല. അതേ സമയം സിറ്റിക്കു ഞാൻ വീണ്ടും തുടരണമെന്ന ആഗ്രഹമുണ്ടെങ്കിൽ രണ്ടോ മൂന്നോ വർഷം കൂടി ഇവിടെ തുടരാനും ഞാൻ ഒരുക്കമാണ്. എന്തായാലും അടുത്ത രണ്ടു വർഷത്തേക്ക് ഞാൻ യുവൻറസിലേക്കു ചേക്കേറാൻ പോകുന്നില്ല. അതു തീർച്ചയായ കാര്യമാണ്.” ഗാർഡിയോള പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം തുടർച്ചയായ രണ്ടാം പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഗാർഡിയോള. എന്നാൽ കഴിഞ്ഞ സീസണിലേതു പോലെ ഇത്തവണ അതത്ര എളുപ്പമല്ല. ലിവർപൂളുമായി ഒരു പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഇനി എല്ലാ മത്സരവും നിർണായകമാണ്. ചരിത്രത്തിലാദ്യമായി ഒരു ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നവും ഇത്തവണ പെപ് ഗാർഡിയോളയുടെ കീഴിൽ സ്വന്തമാക്കാമെന്ന മോഹവും ഇത്തവണ മാഞ്ചസ്റ്റർ സിറ്റിക്കുണ്ട്.

COPYRIGHT WARNNING !