റയൽ മാഡ്രിഡ്‌ ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന ഒന്നായിരുന്നു മുൻ കോച്ച് സിദാന്റെ തിരിച്ചുവരവ്. പരാജയങ്ങളുടെ നടുകടലിലേക്ക് മുങ്ങിത്താഴുന്ന റയലിനെ കൈപിടിച്ചുയർത്തുക എന്ന ശ്രമകരമായ ദൗത്യമാണ് സിദാനെ കാത്തിരിക്കുന്നത്. എന്നാൽ സിദാനെ സംബന്ധിച്ചെടുത്തോളം ഇതാദ്യമായല്ല ഇത്തരം വെല്ലുവിളി ഏറ്റെടുക്കുന്നത്. ഇതിന് മുൻപ് റയലിന്റെ പരിശീലകവേഷം ഏറ്റെടുത്തപ്പോഴും ഇതേ അവസ്ഥ എന്നായിരുന്നു സിദാനെ കാത്തിരുന്നത്. എന്നാൽ അവിടെ നിന്ന് തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിക്കൊടുത്ത് പടിയിറങ്ങിയ അയാൾക്ക് ഉടനടി തന്നെ തിരിച്ചു വരേണ്ടി വന്നിരിക്കുകയാണ്.

എന്നാൽ വീണ്ടുമൊരിക്കൽ കൂടി അയാൾ പരിശീലകസ്ഥാനം ഏറ്റെടുക്കുമ്പോൾ കുറച്ചു നിബന്ധനകൾ റയലിന് മുന്നാകെ വെച്ചിരുന്നു. ഒരുപക്ഷെ ഇതൊക്കെ തന്നെ മുൻപ് റയൽ അംഗീകരിക്കാത്തത് കൊണ്ടായിരിക്കാം അന്ന് റയൽ വിട്ടത്. എന്തായാലും സിദാൻ മുന്നോട്ട് വെച്ച ഉപാധികൾ റയൽ പ്രസിഡന്റ്‌ പെരെസ് അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. സ്പാനിഷിലെ പല പ്രമുഖമാധ്യമങ്ങളും ഇക്കാര്യം സ്ഥിതീകരിച്ചു കഴിഞ്ഞു. ആറോളം വരുന്ന നിബന്ധനകളാണ് സിദാൻ മുന്നോട്ട് വെച്ചിട്ടുള്ളത്. ടീമിന്റെ മുഴുവൻ നിയന്ത്രണവും തന്നിൽ നിക്ഷിപ്തമായിരിക്കണം എന്നാണ് സിദാൻ മുന്നോട്ട് വെച്ച ആദ്യഉപാധി.

രണ്ടാമതായി തനിക്ക് ആവിശ്യമില്ല എന്ന് ബോധ്യപ്പെടുന്ന താരങ്ങളെ വിറ്റൊഴിവാക്കണം എന്നാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഗാരെത് ബെയ്ൽ പോലുള്ള താരങ്ങളെ ലക്ഷ്യം വെച്ചാണ് ഇതെന്ന് സുവ്യക്തമാണ്. മൂന്നാമതായി ഇസ്കോയെയും മാഴ്‌സെലോയെയും വിൽക്കാൻ പാടില്ല എന്നാണ്. ഈ സീസണിന്റെ അവസാനം ടീം വിടുമെന്ന തരത്തിൽ ഏറ്റവും കൂടുതൽ അഭ്യൂഹങ്ങൾ പരന്ന താരങ്ങൾ ഇനി ടീം വിടില്ലെന്നുറപ്പായിരിക്കുകയാണ്. നെയ്മറിന് വേണ്ടി കഷ്ടപ്പെടണ്ട എന്നാണ് നാലാമതായി സിദാൻ മുന്നോട്ട് വെച്ച ഉപാധി. പകരം എംബപ്പേയെ എന്ത് വിലകൊടുത്തും ടീമിൽ എത്തിക്കാൻ ശ്രമിക്കണമെന്ന് അഞ്ചാമതായി സിദാൻ മുന്നോട്ട് വെച്ചത്. ആറാമതായി ടീമിൽ നിന്നും ലോണാടിസ്ഥാനത്തിൽ പോയ ജെയിംസിനെ തിരികെ എത്തിക്കേണ്ട ആവിശ്യകത ഇല്ലെന്നും സിദാൻ പെരെസിന് മുന്നാകെ വെച്ചിട്ടുണ്ട്. ഇവയൊക്കെ തന്നെയും പെരെസ് അംഗീകരിച്ചതായി റിപ്പോർട്ടുകൾ പ്രതിപാദിക്കുന്നു.

COPYRIGHT WARNNING !