ആരാധകരുടെ ആഗ്രഹം പോലെ തന്നെ സിദാനെ പരിശീലക സ്ഥാനത്തെത്തിക്കുന്നതിൽ റയൽ മാഡ്രിഡ് വിജയിച്ചിരിക്കുകയാണ്. ഇനി ആരാധകർ ഉറ്റു നോക്കുന്നത് വരാനിരിക്കുന്ന ട്രാൻസ്ഫർ മാർക്കറ്റിൽ റയൽ ആരെയെല്ലാം സ്വന്തമാക്കുമെന്നാണ്. കഴിഞ്ഞ കുറച്ചു സീസണുകളായി ട്രാർസ്ഫർ ജാലകങ്ങളിൽ വമ്പൻ തുക മുടക്കിയിട്ടില്ലാത്ത ക്ലബുകളിലൊന്നാണ് റയൽ മാഡ്രിഡ്. അതു കൊണ്ടു തന്നെ സൂപ്പർ താരങ്ങൾക്കായി വൻ തുക വീശിയെറിയാൻ റയലിനു കഴിയുമെന്നതു വ്യക്തമാണ്. ഈ സീസണു ശേഷം ട്രാൻസ്ഫർ മാർക്കറ്റിൽ കോടികൾ മുടക്കാൻ റയൽ തയ്യാറെടുത്തിട്ടുണ്ടെന്നു തന്നെയാണ് പ്രസിഡന്റ് പെരസിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. പിഎസ്ജി സൂപ്പർ താരങ്ങളായ നെയ്മറെയും എംബാപ്പെയെയും റയലിലെത്തിക്കുമെന്ന സൂചനകളാണ് അദ്ദേഹം നൽകിയത്.

സിദാനു ശേഷം റയലിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത് നെയ്മറെയാണോ എംബാപ്പെയെയാണോ എന്ന ചോദ്യത്തിന് ഇരുവരെയും ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്നാണ് പെരസ് പറഞ്ഞത്. എംബാപ്പെ ഫ്രഞ്ച് താരമായതു കൊണ്ടു തന്നെ സിദാൻ വിചാരിച്ചാൽ പിഎസ്ജി മുന്നേറ്റനിര താരം ടീമിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ഈ സീസൺ കഴിയാവുന്നത്ര ഭംഗിയിൽ അവസാനിപ്പിച്ച് അടുത്ത സീസൺ മികച്ച രീതിയിൽ തുടക്കമിടുകയെന്നാണു റയലിന്റെ ലക്ഷ്യമെന്നും പെരസ് കൂട്ടിച്ചേർത്തു. സിദാന്റെ മടങ്ങി വരവോടെ കൂടുതൽ ആത്മവിശ്വാസം റയലിനു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറെ നാളായി റയലുമായി ചേർത്തു പറയുന്ന പേരാണു നെയ്മറുടേത്. റയലിലേക്കു ചേക്കേറണമെന്ന ആഗ്രഹം അടുത്തിടെ താരം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതേ സമയം റയൽ തന്റെ സ്വപ്ന ക്ലബാണെങ്കിലും പിഎസ്ജിക്കൊപ്പം തന്നെ തുടരുമെന്നാണു ചാമ്പ്യൻസ് ലീഗ് തോൽവിക്കു ശേഷം എംബാപ്പെ പറഞ്ഞത്. എന്നാൽ തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോലും കാണാനാവാതെ പിഎസ്ജി പുറത്തായതു കൊണ്ടു തന്നെ ഒരു മാറ്റത്തെ പറ്റി ഇരുവരും ചിന്തിക്കുമെന്നുറപ്പാണ്. ഇപ്പോഴത്തെ അവസ്ഥയിൽ റയലല്ലാതെ മറ്റൊരു ക്ലബിലേക്കും ഇരുവരും ചേക്കേറാൻ സാധ്യതയുമില്ല.

COPYRIGHT WARNNING !