ഈ സീസണിൽ പ്രീമിയർ ലീഗിനും ചാമ്പ്യൻസ് ലീഗിനും വേണ്ടി പോരാട്ടം നടത്തുന്നതിനിടെ മാഞ്ചസ്റ്റർ സിറ്റിക്കു വെല്ലുവിളിയായി സൂപ്പർതാരം ക്ലബ് വിടാനൊരുങ്ങുന്നു. ജർമൻ മധ്യനിര താരമായ ഇകെയ് ഗുൻഡോഗനാണ് ഈ സീസണു ശേഷം ക്ലബ് വിടുമെന്ന സൂചനകൾ നൽകിയത്. ഈ സീസണോടെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള താരത്തിന്റെ കരാർ അവസാനിക്കുകയാണ്. പുതിയ കരാറിൽ ഒപ്പു വക്കുന്നതിനു പകരം പ്രീമിയർ ലീഗിനു പുറത്ത് കൂടുതൽ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള താൽപര്യം വെളിപ്പെടുത്തുകയാണ് ഗുണ്ടോഗൻ ചെയ്യുന്നത്. അതേ സമയം ക്ലബുമായി തനിക്കൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“കരാർ പുതുക്കാനുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നുണ്ടെങ്കിലും അതിൽ ഒരു തീരുമാനവും ഞാൻ എടുത്തിട്ടില്ല. പെട്ടെന്നു തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന ആഗ്രഹവും എനിക്കില്ല. ഇരുപത്തിയെട്ടുകാരനായ എന്റെ അടുത്ത കരാർ കരിയറിന്റെ അവസാനം വരെ തുടരുന്നതായിരിക്കണമെന്ന ആഗ്രഹമാണ് എനിക്കുള്ളത്. പുതിയ വെല്ലുവിളികൾ തേടിപ്പോവാനും എനിക്കു താൽപര്യമുണ്ട്. അതെന്റെ സ്വകാര്യമായ താൽപര്യമാണ്. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയിൽ ഞാൻ തൃപ്തനാണെങ്കിലും ഭാവിയെക്കുറിച്ച് എന്തു തീരുമാനമെടുക്കുമെന്ന് പറയാനാവില്ല.” മാധ്യമങ്ങളോട് ഗുണ്ടോഗൻ പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ഇലവനിൽ സ്ഥിരമായി ഇടം പിടിക്കാനാവാത്തതാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നതെന്നാണ് സൂചനകൾ. അടുത്ത സീസണിൽ ഫിൽ ഫോഡൻ കൂടി ടീമിൽ സ്ഥിരസാന്നിധ്യമാവുന്നതോടെ മധ്യനിരയിലെ മത്സരമേറും. എന്നാൽ ഗുണ്ടോഗനെ ടീമിൽ നിലനിർത്തണമെന്നാണ് പരിശീലകൻ ഗാർഡിയോളയുടെ ആവശ്യം. ഇന്നു രാത്രി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറുറപ്പിക്കാൻ ഷാൽക്കയെ നേരിടുമ്പോൾ മുൻ ഗുണ്ടോഗനും സിറ്റിയുടെ ആദ്യ ഇലവനിലുണ്ടാകുമെന്നാണു കരുതപ്പെടുന്നത്. ആദ്യ പാദത്തിൽ സിറ്റി 3-2ന്റെ വിജയം സ്വന്തമാക്കിയിരുന്നു.

COPYRIGHT WARNNING !