റയൽ മാഡ്രിഡ് ഓരോ കിരീടങ്ങൾ വിജയിക്കുമ്പോഴും അതിൽ വിവാദത്തിന്റെ മേമ്പൊടിയുണ്ടാവുക സ്വാഭാവികമാണ്. രണ്ടു ചാമ്പ്യൻസ് ലീഗ് ടൂർണമെന്റുകളിൽ മത്സരം നിയന്ത്രിക്കുന്ന റഫറിമാരുടെ വിവാദ പൂർണമായ തീരുമാനങ്ങൾ റയലിന്റെ രക്ഷക്കെത്തിയിട്ടുണ്ട്. സിദാന്റെ കീഴിൽ റയൽ ലാലിഗ കിരീടം നേടിയപ്പോഴും ഇതുപോലത്തെ വിവാദ തീരുമാനങ്ങൾ ബാഴ്സ ആരാധകർ ഉയർത്തിക്കാട്ടിയിരുന്നു. റയൽ പ്രസിഡന്റ് പെരസ് റഫറിമാരെ വാടകക്കെടുക്കുകയാണെന്നാണ് ഇതിനെക്കുറിച്ച് ആരാധകർ ആരോപണമുന്നയിച്ചിരുന്നത്. വീഡിയോ അസിസ്റ്റൻറ് റഫറിയിങ്ങ് സംവിധാനം വന്നതോടെ ഇതിനെല്ലാം അവസാനമാകുമെന്നും ആരാധകർ കരുതിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം റയൽ വയ്യഡോളിഡിനെതിരെ നടന്ന ലാലിഗ മത്സരത്തിലുണ്ടായ സംഭവം ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതാണ്.

മത്സരത്തിനിടയിൽ റയൽ വയ്യഡോളിഡ് നേടിയ രണ്ടു ഗോളുകൾ നിഷേധിക്കപ്പെട്ടിരുന്നു. ഗോളുകൾ പരിശോധിക്കുന്നതിനിടെ വീഡിയോ റഫറിമാരുടെ റൂം ടിവി ക്യാമറ കാണിച്ചപ്പോൾ അവിടെ ഒരാൾ പോലുമുണ്ടായിരുന്നില്ല. മൂന്നു നാലു വിദഗ്ദർ ചേർന്ന് വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ ഉണ്ടാവേണ്ട റൂമിലാണ് ഒരാൾ പോലുമില്ലാത്ത അവസ്ഥ. റയൽ ഒന്നിനെതിരെ നാലു ഗോളുകൾക്കു വിജയം നേടിയ മത്സരത്തിനു ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെ ചൊല്ലി വലിയ വിവാദമുയരുകയും ചെയ്തു.

സംഭവത്തിൽ ലാലിഗ അധികൃതർ വിശദീകരണമൊന്നും ഇതു വരെ നൽകിയിട്ടില്ല. എന്നാൽ ഇംഗ്ലീഷ് മാധ്യമമായ മിറർ പറയുന്നത് ടിവി ക്യാമറകൾ തെറ്റായ റൂം കാണിച്ചതാണു പ്രശ്നത്തിനു കാരണമെന്നാണ്. മറ്റൊരു റൂമിൽ വച്ചാണ് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതെന്നും ടിവി ക്യാമറകൾ അതു കാണിക്കാതിരുന്നതാണു കുഴപ്പമുണ്ടാക്കിയതെന്നും മിററിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതെല്ലാം റയൽ പ്രസിഡൻറ് പെരസിന്റെ പണത്തിന്റെ കരുത്താണെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്.

COPYRIGHT WARNNING !