ഡച്ച് ക്ലബ് അയാക്സിന്റെ പത്തൊൻപതുകാരൻ പ്രതിരോധ താരം മറ്റിയാസ് ഡി ലൈറ്റ് ബാഴ്സയിലെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തി പ്രാപിക്കുന്നു. ഡി ലൈറ്റിന്റെ ട്രാൻസ്ഫറിനെ കുറിച്ചുള്ള വാർത്തകൾ കൃത്യമായി പിന്തുടരുന്ന കറ്റലൻ മീഡിയ ചാനലായ ഡിസ്പോർട് 3യുടെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്സ നേതൃത്വവും അയാക്സ് നേതൃത്വവും തമ്മിൽ ഡി ലൈറ്റിന്റെ ട്രാൻസ്ഫറിനെ സംബന്ധിച്ചു നടത്തുന്ന ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഡച്ച് താരവും താരത്തിന്റെ കുടുംബവും ബാഴ്സയിലേക്കുള്ള ട്രാൻസ്ഫറിനു പൂർണസമ്മതം മൂളിയെന്നും ഡിസ്പോർട് റിപ്പോർട്ടു ചെയ്യുന്നു. 70 ദശലക്ഷം യൂറോക്കായിരിക്കും താരം അടുത്ത സീസണിൽ ബാഴ്സയിലേക്കെത്തുക.

ബാഴ്സ പ്രസിഡന്റും അയാക്സ് നേതൃത്വവും തമ്മിലുള്ള മികച്ച ബന്ധമാണ് ഡി ലൈറ്റിന്റെ ട്രാൻസ്ഫർ എളുപ്പമാക്കിയത്. അയാക്സിന്റെ സ്പോർടിംഗ് ഡയറക്ടറും മുൻ ബാഴ്സ താരവുമായ മാർക് ഓവർമാസിന് ഡി ലൈറ്റിനെ ബാഴ്സക്കു കൈമാറാൻ പൂർണ സമ്മതമാണ്. നേരത്തെ മറ്റൊരു അയാക്സ് താരം ഡി ജോംഗിനെയും ബാഴ്സ സ്വന്തം കൂടാരത്തിലെത്തിച്ചിരുന്നു. തന്റെ സുഹൃത്തിനൊപ്പം ബാഴ്സയിലേക്കു ചേക്കേറാൻ ആഗ്രഹമുണ്ടെന്ന് ഡി ലൈറ്റ് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ട്രാൻസ്ഫർ ഉറപ്പിക്കാൻ കറ്റലൻ ക്ലബ് ഒരുങ്ങുന്നത്. താരത്തിന്റെ ബോണസ് തുകയുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇനി പൂർത്തിയാവാനുള്ളത്.

പത്തൊൻപതാം വയസിൽ തന്നെ അയാക്സിന്റെ നായകനായി ഉയർന്ന ഡി ലൈറ്റ് കഴിഞ്ഞ വർഷത്തെ ഗോൾഡൻ ബോയ് പുരസ്കാരം നേടിയ താരമാണ്. യൂറോപ്പിലെ പ്രമുഖ ക്ലബുകളായ പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി, ബയേൺ, യുവന്റസ്, അത്ലറ്റികോ എന്നിവരെല്ലാം താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നതു കൊണ്ടാണ് ട്രാൻസ്ഫർ ഉറപ്പിക്കാൻ ബാഴ്സ നേരത്തെ ശ്രമം ആരംഭിച്ചത്. മുപ്പത്തിരണ്ടുകാരനായ പിക്വക്കു പകരക്കാരനായാണ് ബാഴ്സ താരത്തെ കൂടാരത്തിലെത്തിക്കുന്നത്.

COPYRIGHT WARNNING !