പിഎസ്ജി സൂപ്പർ താരം നെയ്മറുടെ പിറന്നാളാഘോഷത്തിൽ പങ്കെടുത്തതു തെറ്റായി പോയെന്ന് ബാഴ്സലോണയുടെ ബ്രസീലിയൻ മധ്യനിര താരം ആർതർ മെലോ. റയൽ മാഡ്രിഡുമായുള്ള എൽ ക്ലാസികോ മത്സരത്തിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് പാരീസിൽ വച്ചു നടന്ന വമ്പൻ ആഘോഷത്തിൽ ആർതർ പങ്കെടുത്തത്. പിഎസ്ജിയിലെയും ബ്രസീൽ ടീമിലെയും സഹതാരങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് നെയ്മറുടെ ഇരുപത്തിയേഴാം ജന്മദിനം ആഘോഷിക്കാൻ ഒത്തു കൂടിയത്.

സഹതാരത്തിന്റെ പിറന്നാൾ ആഘോഷമാണെങ്കിലും ഒരു നിർണായക മത്സരത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാർട്ടിയിൽ പങ്കെടുത്തത് തെറ്റു തന്നെയാണെന്ന് ആർതർ പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് ബാഴ്സ പരിശീലകനോടും സഹതാരങ്ങളോടും താൻ ക്ഷമാപണം നടത്തിയിരുന്നുവെന്നും ആർതർ പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ ലിയോണിനെതിരായ മത്സരത്തിനു മുൻപ് മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ഇരുപത്തിരണ്ടുകാരനായ താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇത്തരം തെറ്റുകൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ ഈ അനുഭവം സഹായിക്കുമെന്നും താരം പറഞ്ഞു. കോപ ഡെൽ റേ രണ്ടാം പാദ മത്സരത്തിൽ ടീമിലുണ്ടായിരുന്നെങ്കിലും ബാഴ്സ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു വിജയം നേടിയ കളിയിൽ പകരക്കാരനായാണ് താരം കളത്തിലിറങ്ങിയിരുന്നത്. എന്നാൽ അതിനു ശേഷം ലാലിഗയിൽ നടന്ന എൽ ക്ലാസികോയിൽ ആദ്യ ഇലവനിൽ തന്നെ ബ്രസീലിയൻ താരം ഉൾപ്പെട്ടിരുന്നു.

COPYRIGHT WARNNING !