ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കുട്ടിന്യോയെ സ്വന്തമാക്കുന്നതിനു വേണ്ടിയുള്ള നീക്കം മാഞ്ചസ്റ്റർ യുണൈറ്റഡ് ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ. കുട്ടിന്യോക്കു പകരക്കാരനായി ബുണ്ടസ് ലിഗയിലെ അത്ഭുത ബാലനായ ജാഡൻ സാഞ്ചോയെ അടുത്ത സീസണിൽ ടീമിലെത്തിക്കാനാണു യുണൈറ്റഡ് ഒരുങ്ങുന്നതെന്ന് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഇൻഡിപെൻഡന്റെ റിപ്പോർട്ടു ചെയ്യുന്നു. നൂറു ദശലക്ഷം യൂറോയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അക്കാദമി താരമായ സാഞ്ചോക്കു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് വാഗ്ദാനം ചെയ്യുന്നത്.

ബാഴ്സലോണയിൽ ഡെംബലെക്കു പിന്നിൽ രണ്ടാമനായിപ്പോയ കുട്ടീന്യോ ഈ സീസണു ശേഷം ടീം വിടുമെന്ന വാർത്തകൾ ശക്തമാണ്. താരത്തിന്റെ പ്രതിനിധികൾ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ ആരംഭിച്ചുവെന്ന റിപ്പോർട്ടുകളും വന്നതോടെയാണ് വീണ്ടും ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ഇരുപത്തിയാറുകാരനായ താരം ചേക്കേറാൻ സാധ്യതയേറിയത്. എന്നാൽ മൂന്നാമത്തെ ലോകറെക്കോർഡ് തുകക്ക് ലിവർപൂളിൽ നിന്നും ബാഴ്സലോണയിലേക്കു ചേക്കേറിയ കുട്ടീന്യോക്കു വേണ്ടി മുടക്കുന്ന തുകയേക്കാൾ കുറഞ്ഞ സംഖ്യ പതിനെട്ടുകാരനായ സാഞ്ചോക്കു മുടക്കിയാൽ മതിയെന്നതാണ് ബ്രസീലിയൻ താരത്തിന്റെ ട്രാൻസ്ഫറിൽ നിന്നും യുണൈറ്റഡ് പിന്മാറാൻ കാരണമായത്.

ബൊറൂസിയ ഡോർട്മുണ്ടിനു വേണ്ടി ഈ സീസണിൽ മിന്നുന്ന ഫോമിൽ കളിച്ചതോടെയാണ് സാഞ്ചോ യൂറോപ്യൻ ക്ലബുകളുടെ ശ്രദ്ധാകേന്ദ്രമായത്. ഈ സീസണിൽ ഒൻപതു ഗോളും പതിനഞ്ച് അസിസ്റ്റുമാണ് ഇംഗ്ലണ്ട് താരം സ്വന്തമാക്കിയിരിക്കുന്നത്. നൂറു ദശലക്ഷം യൂറോയുടെ ട്രാൻസ്ഫർ നടന്നാൽ ഒരു ഇംഗ്ലീഷ് താരത്തിനു ലഭിക്കുന്ന ഏറ്റവുമുയർന്ന തുകയായിരിക്കുമത്. പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് പിഎസ്ജിയും സാഞ്ചോയെ സ്വന്തം കൂടാരത്തിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്.

COPYRIGHT WARNNING !