സിനദിൻ സിദാൻ റയൽ മാഡ്രിഡ് പരിശീലകനായി തിരിച്ചെത്തിയതോടെ ടീമിലെ സ്ഥാനം നഷ്ടപ്പെടാൻ ഏറ്റവും കൂടുതൽ സാധ്യത ഗരത് ബെയ്ലിനാണെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിദാൻ പരിശീലകനായിരിക്കുമ്പോൾ ബേലുമായുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ലെന്ന് അവരുടെ ഇടപെടലുകളിൽ നിന്നും വ്യക്തമായിരുന്നു. കഴിഞ്ഞ സീസണു ശേഷം പരിശീലക സ്ഥാനത്തു നിന്നും സിദാൻ പടിയിറങ്ങിയപ്പോൾ എല്ലാ താരങ്ങളും സിദാനു നന്ദിയറിച്ചിരുന്നെങ്കിലും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ രണ്ടു ഗോളുകൾ നേടി റയലിനെ കിരീടത്തിലേക്കു നയിച്ച ബേൽ മൗനം പാലിക്കുകയായിരുന്നു. ഇപ്പോൾ സിദാൻ ടീമിലെത്തിയതിനു പിന്നാലെ ബേലുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങളും ശക്തി പ്രാപിച്ചിട്ടുണ്ട്.

പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്പറിന്റെ മധ്യനിര താരം ക്രിസ്റ്റൻ എറിക്സനെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ് ബേലിനെ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലീഷ് മാധ്യമമായ മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം ബേലിനെ കൂടാതെ അൻപതു ദശലക്ഷം യൂറോയും എറിക്സനെ ടീമിലെത്തിക്കാൻ റയൽ നൽകാനൊരുക്കമാണ്. മോഡ്രിചിനു പകരക്കാരനായാണ് മോഡ്രിച്ചിനെ സ്വന്തമാക്കിയ അതേ ക്ലബിൽ നിന്നും ഡെന്മാർക്ക് താരത്തെ സ്വന്തമാക്കാൻ റയൽ ഒരുങ്ങുന്നത്. തന്റെ മുൻ ക്ലബായ ടോട്ടനത്തിലേക്ക് തിരിച്ചു പോകാൻ ബേലും ഒരുക്കമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സിദാനു മുൻപു പരിശീലകനായിരുന്ന സൊളാരിയുടെ കീഴിലും ബേലിന് അവസരങ്ങൾ കുറവായിരുന്നു. പലപ്പോഴും ഇതിന്റെ രോഷം താരം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റയലിലെ സഹതാരങ്ങളുമായി അടുത്ത സൗഹൃദമില്ലാത്തതും ബേലിന്റെ റയലിലെ സ്ഥാനം പരുങ്ങലിലാവാൻ കാരണമായിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനു വേണ്ടി ശ്രമം നടത്തുന്നുണ്ടെങ്കിലും റയലിനു വേണ്ടിടത്തോളം കാലം ബേൽ സ്പാനിഷ് ക്ലബിനൊപ്പം തുടരുമെന്നാണ് താരത്തിന്റെ ഏജന്റ് പറയുന്നത്.

COPYRIGHT WARNNING !