ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ നിർണായക രണ്ടാം പാദ പോരാട്ടത്തിൽ ഫ്രഞ്ച് ക്ലബ് ലിയോണിനെ ഗോൾമഴയിൽ മുക്കി ബാഴ്സലോണ ക്വാർട്ടറിൽ. രണ്ടു ഗോളും രണ്ട് അസിസ്റ്റുമായി മെസി മുന്നിൽ നിന്നും പട നയിച്ചപ്പോൾ ലിയോണിന് മറുപടിയുണ്ടായിരുന്നില്ല. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബാഴ്സ സ്വന്തം മൈതാനത്ത് വിജയം നേടിയത്. മെസിക്കു പുറമേ കുട്ടിന്യോ, പിക്വ, ഡെംബലെ എന്നിവരാണ് ബാഴ്സയുടെ ഗോളുകൾ നേടിയത്. മത്സരത്തിൽ മെനഞ്ഞെടുത്ത സുവർണാവസരങ്ങൾ മുതലെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എട്ടു ഗോളുകൾക്കെങ്കിലും ബാഴ്സ വിജയം നേടേണ്ടതായിരുന്നു. മത്സരത്തിൽ രണ്ടു ഗോൾ നേടിയതോടെ ചാമ്പ്യൻസ് ലീഗ് ടോപ് സ്കോറർമാരിൽ മെസി ഒന്നാമതെത്തുകയും ചെയ്തു.

ആദ്യ മിനുട്ടുകളിൽ തന്നെ രണ്ടു തവണ മുന്നിലെത്താനുള്ള അവസരം ബാഴ്സലോണക്കു ലഭിച്ചെങ്കിലും ഗോൾകീപ്പറുടെ കൃത്യമായ ഇടപെടൽ ലിയോണിനു തുണയായി. മത്സരത്തിൽ പൂർണമായും ബാഴ്സ ആധിപത്യം സ്ഥാപിച്ചപ്പോൾ പതിനെട്ടാം മിനുട്ടിലാണ് ഗോൾ പിറന്നത്. സുവാരസിനെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ഒരു പനേങ്ക കിക്കിലൂടെ മെസി വലയിലെത്തിക്കുകയായിരുന്നു. ഗോൾ വഴങ്ങിയതിനു ശേഷമാണ് ലിയോൺ ഒന്നുണർന്നത്. ബോക്സിനുള്ളിൽ ഷോട്ടുതിർക്കാൻ മികച്ചൊരവസരം ഡെംബലെക്കു ലഭിച്ചെങ്കിലും ലെങ്ലറ്റ് ബാഴ്സയുടെ രക്ഷകനായി.

മത്സരത്തിലേക്കു മടങ്ങി വരാനുള്ള ലിയോണിന്റെ ശ്രമങ്ങളെ തകർത്താണ് ബാഴ്സ രണ്ടാം ഗോൾ നേടുന്നത്. ആർതറിന്റെ മനോഹരമായൊരു പാസ് സ്വീകരിച്ച് ഒറ്റ ടേണിൽ ബോക്സിലെത്തിയ സുവാരസിന് നിറയൊഴിക്കാൻ അവസരമുണ്ടായിട്ടും താരം അതു കുട്ടീന്യോക്കു നൽകിയപ്പോൾ പന്തിനെ ഒന്നു മൃദുവായി വലയിലെത്തിക്കേണ്ട ചുമതലയേ ബ്രസീലിയൻ താരത്തിനുണ്ടായിരുന്നുള്ളു. പിന്നീടും ഗോളെന്നുറപ്പിക്കാവുന്ന മികച്ച രണ്ടവസരങ്ങൾ ബാഴ്സക്കു ലഭിച്ചെങ്കിലും മെസിക്കും സുവാരസിനും അതു മുതലാക്കാനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബാഴ്സ മുന്നിലെത്തേണ്ടതായിരുന്നു. ആർതറിന്റെ മുന്നേറ്റത്തിൽ നിന്നും ഒരു ചിപ്പിങ്ങ് ഫിനിഷിങ്ങിലൂടെ ടീമിന്റെ മൂന്നാം ഗോൾ നേടാൻ മെസി ശ്രമിച്ചെങ്കിലും ഗോൾ വരക്കടുത്തു നിന്നും ലിയോൺ പ്രതിരോധ താരം അത് അടിച്ചൊഴിവാക്കി. തുലച്ച അവസരങ്ങൾക്കു വലിയ വില നൽകേണ്ടി വരുമെന്ന് ബാഴ്സയെ ഓർമിപ്പിച്ചാണ് ലിയോൺ മത്സരത്തിലെ ആദ്യ ഗോൾ നേടുന്നത്. കോർണർ ക്ലിയർ ചെയ്യാൻ ബാഴ്സ പ്രതിരോധം പരാജയപ്പെട്ടപ്പോൾ തൊസാർടിന്റെ ഷോട്ട് ബാഴ്സ വല കുലുക്കുകയായിരുന്നു.

ലിയോൺ ഗോൾ നേടിയതിനു ശേഷം ബാഴ്സ ഒന്നു പരുങ്ങിയെങ്കിലും ഡെംബലെയെയും വിദാലിനെയും കളത്തിലിറക്കിയ വാൽവെർദെയുടെ തീരുമാനത്തെ ശരി വച്ച് രണ്ടു ഗോളുകളാണ് ബാഴ്സ തുടർച്ചയായി നേടിയത്. ആദ്യ ഗോൾ മുന്നോളം ലിയോൺ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് മെസി നേടിയപ്പോൾ ഒരു പ്രത്യാക്രമണത്തിൽ നിന്നും മൂന്നോളം പ്രതിരോധ താരങ്ങൾക്കിടയിലൂടെ മെസി നൽകിയ പാസിലാണ് പിക്വ ടീമിന്റെ നാലാം ഗോൾ നേടിയത്. കളി തീരാൻ മിനുട്ടുകൾ ശേഷിക്കേ മറ്റൊരു പ്രത്യാക്രമണത്തിൽ നിന്നും മെസിയുടെ അസിസ്റ്റിൽ ഡെംബലയും ഗോൾ നേടിയതോടെ രാജകീയമായി തന്നെ ബാഴ്സ ക്വാർട്ടറിലേക്കു മുന്നേറി.

COPYRIGHT WARNNING !