ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ലിവർപൂളിനെ ആൻഫീൽഡിൽ പിടിച്ചുകെട്ടിയപ്പോൾ രണ്ടാം പാദത്തിൽ സ്വന്തം മൈതാനത്ത് അനായാസമായി വിജയം നേടാമെന്ന് ബയേൺ പ്രതീക്ഷിച്ചിരിക്കണം. എന്നാൽ മുൻ ജർമൻ ലീഗ് താരം സാഡിയോ മാനേ ബയേണിന്റെ പ്രതീക്ഷകൾ തകർത്ത് അലയൻസ് അരീനയിൽ ഉദിച്ചുയർന്നപ്പോൾ ലിവർപൂൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയേണിനെ തറ പറ്റിച്ചത്. സെനഗൽ താരം മാനേ രണ്ടു ഗോളുകൾ മത്സരത്തിൽ ലിവർപൂളിനു വേണ്ടി നേടിയപ്പോൾ ഒരു ഗോൾ ഡച്ച് താരം വാൻ ഡൈക്കാണു നേടിയത്. ബയേണിന്റെ ആശ്വാസ ഗോൾ ലിവർപൂൾ പ്രതിരോധ താരം മാറ്റിപിന്റെ വക സെൽഫ് ഗോളായിരുന്നു.

സ്വന്തം മൈതാനത്ത് ബയേണിന്റെ മുന്നേറ്റങ്ങളുമായാണു കളിയാരംഭിച്ചത്. പത്താം മിനുട്ടിൽ തന്നെ ലെവൻഡോവ്സ്കിയെ വീഴ്ത്തിയതിനു പെനാൽട്ടിക്കു വേണ്ടി ബയേൺ വാദിച്ചെങ്കിലും റഫറി അതു നിഷേധിച്ചു. ഇഞ്ചോടിഞ്ചു നീങ്ങിയ മത്സരത്തിന്റെ ഇരുപത്തിയാറാം മിനുട്ടിലാണ് മാനേ ലിവർപൂളിന്റെ ഗോൾ നേടുന്നത്. വാൻ ഡൈക്കിന്റെ ഒരു ലോംഗ് ബോൾ പിടിച്ചെടുത്ത സെനഗൽ താരം പ്രതിരോധ താരം സുളെയെയും ന്യൂയറെയും മനോഹരമായി കബളിപ്പിച്ച് അതു വലയിലെത്തിക്കുകയായിരുന്നു. ക്വാർട്ടറിലേക്കു മുന്നേറാൻ രണ്ടു ഗോൾ നേടണമെന്ന അവസ്ഥയിൽ ആക്രമണം കനപ്പിച്ച ബയേണിന് മുപ്പത്തിയൊൻപതാം മിനുട്ടിൽ അതിനു ഫലമുണ്ടായി. ഗ്നാർബിയുടെ ക്രോസ് ക്ലിയർ ചെയ്യാനുള്ള മാറ്റിപ്പിന്റെ ശ്രമം സെൽഫ് ഗോളിൽ കലാശിച്ചതോടെ ജർമൻ ടീം ഒപ്പമെത്തി. ബയേണിന്റെ തുടർച്ചയായുള്ള മുന്നേറ്റങ്ങളോടെ തന്നെയാണ് ആദ്യ പകുതി അവസാനിച്ചത്.

ലിവർപൂളിന്റെ മുന്നേറ്റങ്ങളുമായി തുടങ്ങിയ രണ്ടാം പകുതിയിൽ ആദ്യം ഗോളിനടുത്തെത്തിയത് ബയേണായിരുന്നു. ആദ്യ ഗോളിന്റെ ആവർത്തനം പോലെയൊരു മുന്നേറ്റം ഗ്നാർബിയുടെ ഭാഗത്തു നിന്നുമുണ്ടായതു മുതലാക്കാൻ ലെവൻഡോസ്കിക്ക് കഴിഞ്ഞില്ല. അറുപത്തിയൊൻപതാം മിനുട്ടിൽ നിർണായകമായ രണ്ടാം ഗോൾ ലിവർപൂൾ നേടി. മിൽനറെടുത്ത കോർണറിൽ നിന്നും വാൻ ഡൈക്കാണ് ന്യൂയറെ കീഴടക്കി തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ നേടിയത്. കളി തീരാൻ ആറു മിനുട്ടുകൾ ശേഷിക്കെ സലായുടെ മികച്ചൊരു ക്രോസിൽ നിന്നും ഹെഡറിലൂടെ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടി മാനേ ലിവർപൂളിന്റെ വിജയത്തിന്റെ മാറ്റു കൂട്ടി.

COPYRIGHT WARNNING !