ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദ മത്സരത്തിൽ അത്ലറ്റികോക്കെതിരെ ക്രിസ്ത്യാനോ റൊണാൾഡോ നടത്തിയ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസി. ആദ്യ പാദത്തിൽ രണ്ടു ഗോളുകൾക്കു പുറകിൽ നിന്ന ശേഷം രണ്ടാം പാദത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഉജ്ജ്വല ഹാട്രിക്കിലാണ് യുവന്റസ് ക്വാർട്ടറിൽ ഇടം നേടിയത്. ഇന്നലെ ലിയോണിനെതിരെ നടന്ന ബാഴ്സയുടെ ചാമ്പ്യൻസ്ഥ ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോളാണ് കളിക്കളത്തിലെ തന്റെ പ്രധാന എതിരാളിയുടെ പ്രകടനത്തെ മെസി പ്രശംസിച്ചത്.

”അതിഗംഭീര പ്രകടനമായിരുന്നു റൊണാൾഡോയും യുവന്റസും കാഴ്ച വെച്ചത്. അത്ലറ്റികോ മത്സരത്തിൽ തങ്ങളുടെ കരുത്തു പ്രകടിപ്പിക്കുമെന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ യുവന്റസ് അവരെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കിക്കളഞ്ഞു. എന്നെ ആശ്ചര്യപ്പെടുത്തുന്ന രീതിയിലുള്ള മാന്ത്രിക പ്രകടനമായിരുന്നു മൂന്നു ഗോളുകൾ നേടി റൊണാൾഡോ കാഴ്ച വെച്ചത്.” മുവിസ്റ്റാറിനോട് മെസി പറഞ്ഞു.

റൊണാൾഡോ യുവന്റസിനു വേണ്ടി കാഴ്ച വെച്ചതിനു സമാനമായ പ്രകടനമാണ് മെസി ഇന്നലെ ബാഴ്സക്കു വേണ്ടിയും നടത്തിയത്. രണ്ട് ഗോളും രണ്ട് അസിസ്റ്റും നേടിയ താരത്തിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ലിയോണിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ബാഴ്സ തകർക്കുകയായിരുന്നു. ക്വാർട്ടറിൽ എതിരാളികളായി ആരെയാണു പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തിന് എല്ലാ എതിരാളികളും കടുപ്പമേറിയവരാണെന്നാണ് മെസി മറുപടി പറഞ്ഞത്. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം, ലിവർപൂൾ, പോർട്ടോ, അയാക്സ് എന്നിവരാണ് ബാഴ്സക്കും യുവന്റസിനും പുറമേ ക്വാർട്ടറിൽ ഇടം പിടിച്ചിരിക്കുന്നത്.

COPYRIGHT WARNNING !