യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതിനു ശേഷം പിഎസ്ജി താരം നെയ്മർ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർത്തിയ വിമർശനങ്ങൾക്കെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചു. മത്സരത്തിന്റെ അവസാന നിമിഷം ബോക്സിനുള്ളിൽ വച്ച് കിംപെംബെ പന്തു കൈ കൊണ്ടു തടഞ്ഞത് മെയിൻ റഫറി കണ്ടില്ലെങ്കിലും വീഡിയോ റഫറി ഇടപെട്ടതിനെ തുടർന്ന് യുണൈറ്റഡിനു പെനാൽട്ടി ലഭിക്കുകയായിരുന്നു. കിക്കെടുത്ത റാഷ്ഫോഡ് ലക്ഷ്യം കണ്ടതോടെ എവേ ഗോളുകളുടെ പിൻബലത്തിൽ പിഎസ്ജിയെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടറിലേക്കു മുന്നേറി.

മത്സരത്തിനു ശേഷം റഫറിയുടെ തീരുമാനത്തിനെതിരെ കടുത്ത ഭാഷയിലാണ് നെയ്മർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. പെനാൽട്ടി നൽകാനുള്ള തീരുമാനം ഫുട്ബോളിനു തന്നെ അപമാനമാണെന്നും ബുദ്ധിയില്ലാത്ത ചിലരാണ് വീഡിയോ റഫറിമാരായി കളി നിയന്ത്രിച്ചതെന്നും നെയ്മർ കുറ്റപ്പെടുത്തി. അതൊരു ഹാൻഡ് ബോൾ ആയിരുന്നില്ലെന്നാണ് നെയ്മറുടെ പക്ഷം. സഭ്യതയുടെ പരിധി വിട്ട രീതിയിൽ മത്സരം നിയന്ത്രിച്ച റഫറിമാരെ അധിക്ഷേപിച്ചതിനെ തുടർന്നാണ് താരത്തിനെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. നെയ്മർക്കെതിരെ അന്വേഷണം നടത്തുമെന്നു വ്യക്തമാക്കി ഔദ്യോഗിക സ്റ്റേറ്റ്മെൻറും യുവേഫ പുറത്തു വിട്ടിട്ടുണ്ട്.

കുറ്റം തെളിഞ്ഞ് നെയ്മർക്കെതിരെ യുവേഫ നടപടിയെടുത്താൽ യൂറോപ്യൻ മത്സരങ്ങളിലെ വിലക്കായിരിക്കും താരത്തെ കാത്തിരിക്കുന്നത്. പരിക്കു മൂലം പുറത്തിരിക്കുന്ന നെയ്മറെയും ചാമ്പ്യൻസ് ലീഗിൽ നിന്നും ഞെട്ടിക്കുന്ന രീതിയിൽ പുറത്തായ പിഎസ്ജിയെയും സംബന്ധിച്ച് കൂടുതൽ നിരാശ പകരുന്നതാണ് നെയ്മർക്കെതിരായ അന്വേഷണം. നെയ്മർ, എംബാപ്പെ എന്നിങ്ങനെ നിരവധി സൂപ്പർ താരങ്ങളുടെ കരുത്തിൽ ഫ്രഞ്ച് ലീഗിൽ എതിരാളികളില്ലാതെ കുതിക്കുമ്പോഴും യൂറോപ്പിൽ പരാജയപ്പെടുകയാണ് പിഎസ്ജി.

COPYRIGHT WARNNING !