കളിക്കളത്തിൽ എതിരാളികളെ നിഷ്പ്രഭമാക്കുന്ന കാര്യത്തിൽ മെസി എന്നും ഒരു പടി മുന്നിലാണ്. നിരവധി താരങ്ങളാണ് മെസിയുടെ മാന്ത്രിക ചലനങ്ങൾക്കു മുന്നിൽ അടിയറവു പറഞ്ഞിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളടക്കം അതിൽ പെടും. ഒരു സൈഡിലേക്ക് ഇൻഡിക്കേറ്റർ ഇട്ട് മറുവശത്തേക്കു തിരിഞ്ഞു പോകുന്ന ഓട്ടോറിക്ഷ പോലെയാണു മെസിയെന്ന പ്രയോഗം ആരാധകർക്കിടയിൽ പ്രസിദ്ധമാണല്ലോ. ഇന്നലെ ലിയോണിനെതിരായ മത്സരത്തിലും സമാനമായൊരു നീക്കം മെസിയുടെ ഭാഗത്തു നിന്നുമുണ്ടായി. ഒറ്റ വെട്ടിക്കലിൽ രണ്ടു ലിയോൺ പ്രതിരോധ താരങ്ങളെയാണ് മെസി അക്ഷരാർത്ഥത്തിൽ തറ പറ്റിച്ചത്.

മത്സരത്തിൽ ലിയോൺ ആദ്യ ഗോൾ നേടിയതിനു ശേഷം മുൾമുനയിലായിരുന്നു ബാഴ്സ ആരാധകർ. ഒരു ഗോൾ കൂടി നേടിയാൽ ക്വാർട്ടറിലേക്കു മുന്നേറാമെന്ന അവസ്ഥയിൽ ലിയോൺ നിരന്തരം ആക്രമണമഴിച്ചു വിടുന്ന സമയം. എന്നാൽ എല്ലാം മാറ്റി മറിക്കാൻ മെസി അവതരിക്കുകയായിരുന്നു എഴുപത്തിയെട്ടാം മിനുട്ടിൽ. ബുസ്ക്വറ്റ്സിൽ നിന്നും പന്തു സ്വീകരിച്ചപ്പോൾ താരത്തിനു മുൻപിൽ നിറയെ സ്പേസ്. ബോക്സിലേക്ക് ഓടിക്കയറിയ മെസി തന്നെ തടുക്കാൻ വന്ന രണ്ടു പ്രതിരോധ താരങ്ങളെ കണ്ട് ആദ്യം ഇടതു വശത്തേക്ക് ഒന്നു വെട്ടിച്ചു. ഇടം കാലു കൊണ്ട് മെസിക്ക് ഷോട്ടുതിർക്കാൻ ആ പൊസിഷൻ അനുയോജ്യമാണെന്നു കരുതിയാവണം രണ്ടു ലിയോൺ പ്രതിരോധ താരങ്ങളും ബ്ലോക്ക് ചെയ്യാൻ ചാടി വീണു. എന്നാൽ ഒറ്റയടിക്കു വലതു വശത്തേക്കു തിരിഞ്ഞ് ഇരുവരെയും ഒഴിവാക്കിയ മെസി തന്റെ വലം കാലു കൊണ്ട് പന്തു വലയിലെത്തിക്കുകയും ചെയ്തു.

മത്സരത്തിനു ശേഷം ഈ ഗോളിനെ മറ്റൊരു തരത്തിലും രസികന്മാർ വ്യാഖ്യാനിക്കുന്നുണ്ട്. ഇടം കാൽ കൊണ്ട് ഷോട്ടുതിർക്കാൻ തന്നെയായിരുന്നു മെസി ആദ്യം ചിന്തിച്ചിരുന്നതത്രേ. എന്നാൽ തനിക്ക് ഇടതു കാൽ കൊണ്ടു മാത്രമേ ഗോൾ നേടാനാവു എന്നു പെലെ പറഞ്ഞത് മെസി പെട്ടന്ന് ഓർത്തുവെന്നും അതു കൊണ്ടാണ് വലതു വശത്തേക്കു തിരിഞ്ഞ് വലതു കാൽ കൊണ്ട് ഗോൾ നേടിയതെന്നുമാണ് ആരാധകർ പറയുന്നത്. എന്തായാലും ഇരുപതു മിനുട്ടോളം മുൾമുനയിൽ നിന്ന ബാഴ്സ ആരാധകർക്ക് ശ്വാസം വീണത് ആ ഗോളിനു ശേഷമായിരിക്കും എന്നതുറപ്പാണ്.

COPYRIGHT WARNNING !