പെപ് ഗാർഡിയോളയുടെ ഇഷ്ടതാരമായ ബെർനാഡോ സിൽവക്ക് വമ്പൻ കരാർ നൽകി മാഞ്ചസ്റ്റർ സിറ്റി. ഇരുപത്തിനാലുകാരനായ പോർച്ചുഗീസ് മധ്യനിര താരത്തിന് 2025 വരെയാണ് സിറ്റി പുതിയ കരാർ നൽകിയത്‌. സിൽവയുമായി നിലവിലുള്ള കരാർ അവസാനിക്കാൻ മൂന്നു വർഷത്തോളം ബാക്കിയുണ്ടായിട്ടും പുതിയ കരാർ നൽകിയത് ടീമിൽ താരത്തിന്റെ പ്രാധാന്യമാണു വെളിപ്പെടുത്തുന്നത്. ഒന്നര വർഷം മുൻപ് ഫ്രഞ്ച് ക്ലബ് മൊണാക്കോയിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ ബെർനാഡോ സിൽവ വളരെ പെട്ടെന്നു തന്നെ സിറ്റിയുടെയും ഗാർഡിയോളയുടെയും പ്രധാന താരമായി വളരുകയായിരുന്നു.

നിലവിൽ ഒന്നര ലക്ഷം യൂറോയോളം ആഴ്ചയിൽ പ്രതിഫലമായി കൈപ്പറ്റുന്ന സിൽവയുടെ വേതനം ഉയർത്താനും പുതിയ കരാറിൽ ധാരണയായിട്ടുണ്ട്. കരാർ മൂന്നു വർഷത്തേക്ക് കൂടി നീട്ടിയതിൽ പോർച്ചുഗീസ് താരം സന്തോഷം പ്രകടിപ്പിച്ചു. ഒരു താരത്തിന്റെ വളർച്ചക്കു വേണ്ട എല്ലാ സൗകര്യങ്ങളും സിറ്റി കൃത്യമായി നൽകുന്നുണ്ടെന്നും വളരെക്കാലം ഇവിടെ തന്നെ തുടരുകയെന്നതാണു തന്റെ ലക്ഷ്യമെന്നും സിൽവ പറഞ്ഞു. സിറ്റിക്കൊപ്പം കൂടുതൽ കിരീടനേട്ടം സ്വന്തമാക്കുകയെന്ന തന്റെ ലക്ഷ്യം നടപ്പിലാക്കാനാകുമെന്ന പ്രതീക്ഷയും താരം പങ്കുവച്ചു.

ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഷാൽക്കയെ ഏഴു ഗോളുകൾക്കു തകർത്തതിനു പിന്നാലെയാണ് സിൽവയുമായുള്ള കരാർ സിറ്റി പുതുക്കിയത്. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു. സിറ്റിക്കു വേണ്ടി 93 മത്സരങ്ങൾ കളിച്ച സിൽവ പതിനെട്ടു ഗോളുകളാണ് നേടിയിട്ടുള്ളത്. ഒരു പ്രീമിയർ ലീഗും രണ്ടു കറബാവോ കപ്പും താരം സിറ്റിക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

COPYRIGHT WARNNING !