നിരന്തരമുള്ള തിരിച്ചടികൾക്കു പിന്നാലെ റയൽ മാഡ്രിഡ് പരിശീലക സ്ഥാനത്തേക്ക് സിദാനെ തിരിച്ചു വിളിച്ചത് അസാധാരണമായ നടപടിയാണെന്ന് ബാഴ്സലോണ പ്രതിരോധ താരം ജോർദി ആൽബ. ഒരാഴ്ചക്കിടെ മൂന്നു മത്സരങ്ങളിൽ തോറ്റ് മൂന്നു കിരീടങ്ങൾക്കുള്ള സാധ്യതകൾ ഇല്ലാതാക്കിയതോടെയാണ് പരിശീലക സ്ഥാനത്തു നിന്നും സൊളാരിയെ ഒഴിവാക്കി സിദാനെ നിയമിക്കാൻ റയൽ തീരുമാനിച്ചത്. കഴിഞ്ഞ സീസണു ശേഷം റയൽ പരിശീലക സ്ഥാനം വിട്ട സിദാൻ ഒൻപതു മാസം തികയുന്നതിനു മുൻപാണ് ടീമിലേക്കു തിരിച്ചെത്തിയത്. ഈ സീസണിൽ റയലിന്റെ മൂന്നാമത്തെ പരിശീലകനാണ് സിദാൻ. 2022 വരെയാണ് റയൽ ഫ്രഞ്ച് പരിശീലകനു കരാർ നൽകിയിരിക്കുന്നത്.

“അയാക്സിനെതിരായ പ്രീ ക്വാർട്ടർ മത്സരം വിജയിക്കാൻ റയലിനു തന്നെയായിരുന്നു സാധ്യത. അതിനുള്ള കരുത്തും അവർക്കുണ്ടായിരുന്നു. എന്നാൽ ഇരുപാദങ്ങളിലും മികച്ച പ്രകടനം നടത്തിയത് അയാക്സായിരുന്നതു കൊണ്ട് ഡച്ച് ക്ലബ് വിജയം അർഹിക്കുന്നു. എന്നാൽ തോൽവികൾക്കു പിന്നാലെ സിദാനെ റയൽ മാഡ്രിഡ് വീണ്ടും പരിശീലക സ്ഥാനത്തു നിയമിച്ചത് എന്നെ അത്ഭുതപ്പെടുത്തി. പടിയിറങ്ങിപ്പോയൊരു പരിശീലകൻ വെറും ഒൻപതു മാസത്തിനുള്ളിൽ തിരിച്ചെത്തുകയെന്നത് അസാധാരണമായ കാര്യമാണ്.” ഒരു സ്പാനിഷ് റേഡിയോയോട് ആൽബ പറഞ്ഞു.

റയലിനൊപ്പം സിദാൻ തുടർച്ചയായി മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉയർത്തിയെങ്കിലും ഒരു തവണ മാത്രമാണ് ലാലിഗ കിരീടം ഉയർത്താൻ ടീമിനു കഴിഞ്ഞത്. സിദാൻ റയൽ പരിശീലകനായിരുന്ന കാലയളവിൽ ആഭ്യന്തര ടൂർണമെന്റുകളിൽ ആധിപത്യം ബാഴ്സക്കു തന്നെയായിരുന്നു. റയലിനു മേലെയും ഇക്കാലയളവിൽ ബാഴ്സക്ക് കൃത്യമായ ആധിപത്യമുണ്ടായിരുന്നു. എന്നാൽ സിദാന്റെ മൂന്നു യൂറോപ്യൻ കിരീടങ്ങളുടെ ആഘോഷത്തിൽ ബാഴ്സയുടെ പ്രകടനം മുങ്ങിപ്പോയെന്നും ക്ലബിന് അർഹിച്ച അംഗീകാരം ലഭിച്ചില്ലെന്നും ആൽബ പറഞ്ഞു.

COPYRIGHT WARNNING !