റയൽ പരിശീലകനായി രണ്ടര വർഷത്തോളം ഉണ്ടായിരുന്നെങ്കിലും ഒരു വമ്പൻ സൈനിംഗ് പോലും സിദാൻ നടത്തിയിട്ടില്ല. വിശ്വസ്തരായ തന്റെ ടീമിൽ വലിയ മാറ്റമൊന്നും വരുത്താതെയാണ് മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഫ്രഞ്ച് പരിശീലകൻ റയലിലേക്കെത്തിച്ചത്. എന്നാൽ തന്റെ രണ്ടാം വരവിൽ അങ്ങനെ വെറുതെയിരിക്കാൻ സിദാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്. റയൽ പരിശീലക സ്ഥാനം ഏറ്റെടുത്ത് നാലു ദിവസം തികയുന്നതിനു മുൻപേ ആദ്യ ട്രാൻസ്ഫർ സിദാൻ നടത്തിക്കഴിഞ്ഞു. പോർച്ചുഗീസ് ക്ലബ് പോർട്ടോയുടെ ഇരുപത്തിയൊന്നുകാരനായ ബ്രസീലിയൻ പ്രതിരോധ താരം എഡർ മിലിറ്റാവോയാണ് റയലിലേക്കെത്തുന്നത്. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു.

ആറു വർഷത്തെ കരാറാണ് ബ്രസീലിയൻ താരം റയലുമായി ഒപ്പു വച്ചിരിക്കുന്നത്. താരത്തിന്റെ റിലീസിംഗ് തുകയായ അൻപതു ദശലക്ഷം യൂറോ റയൽ ട്രാൻസ്ഫറിനു വേണ്ടി മുടക്കി. ജൂലൈ 15നു ശേഷം റിലീസിങ്ങ് തുക ഉയരുന്ന താരത്തെ സ്വന്തമാക്കണമെങ്കിൽ 75 ദശലക്ഷം യൂറോ മുടക്കണമെന്നതു കൊണ്ടാണ് മിലിറ്റാവോയുടെ സൈനിംഗ് സമ്മർ ജാലകത്തിലേക്കു വക്കാതെ റയൽ നേരത്തെ നടത്തിയത്. കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായ റോമയെ തകർത്ത് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്ന പോർട്ടോയിൽ നിന്നും ഈ സീസണു ശേഷമായിരിക്കും താരം റയലിലേക്കു ചേക്കേറുക.

മുപ്പത്തിനാലു മത്സരങ്ങൾ ഈ സീസണിൽ പോർട്ടോക്കു വേണ്ടി കളിച്ചിട്ടുള്ള മിലിറ്റാവോ റയലിനു ചേരുന്ന താരം തന്നെയാണ്. റയൽ ഇതിഹാസങ്ങളായ കസിയസിനും പെപ്പെക്കുമൊപ്പമാണു കളിക്കുന്നതെന്നതു കൊണ്ട് സ്പാനിഷ് ക്ലബിന്റെ ശൈലിയെക്കുറിച്ച് താരത്തിന് കൃത്യമായ ധാരണയും ലഭിക്കും. തന്റെ ആദ്യ യൂറോപ്യൻ സീസണിൽ തന്നെ മികച്ച പ്രകടനം നടത്തുന്ന താരത്തെ ഈ മാസം പനാമക്കും ചെക്ക് റിപബ്ലിക്കിനുമെതിരെയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ ടിറ്റെ ഉൾപ്പെടുത്തിയിട്ടുണ്ട്.

COPYRIGHT WARNNING !